കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയത് ഉൾപ്പെടെ മൂന്ന് കാട്ടാന ചരിഞ്ഞു ; കുട്ടിയാനക്ക് കാവലായി ആനക്കൂട്ടം
വണ്ടിക്കടവ് /മുക്കം/ നിലമ്പൂർ
കിണറ്റിൽവീണ് രക്ഷപ്പെടുത്തിയതും ഒരു കുട്ടിയാനയുമുൾപ്പെടെ മൂന്ന് കാട്ടാനകൾ ചരിഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് കാട്ടാനകൾ ചരിഞ്ഞത്. വയനാട്ടിൽചരിഞ്ഞ കുട്ടിയാനക്ക് തള്ളയാനയും കൂട്ടരും കാവൽനിന്നത് തുടർനടപടികൾ തടസ്സപ്പെടുത്തി.
മുക്കം ആനക്കാംപൊയിൽ തേൻപാറ തൊണ്ണൂറിൽ നാൽപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തിയശേഷം കാട്ടിലേക്കയച്ചിരുന്നെങ്കിലും അവശനായി അധിക ദൂരമെത്തുന്നതിനുമുമ്പ് കുഴഞ്ഞുവീണു. തുടർന്ന് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ഭക്ഷണവും വെള്ളവുമില്ലാതെ രണ്ടുദിവസം ആന കിണറ്റിലായിരുന്നു.
വീഴ്ചയുടെ ആഘാതവും നിർജലീകരണവുമാണ് ആനയുടെ ആരോഗ്യനില കുഴപ്പത്തിലാക്കിയത്. ചികിത്സ തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ ആന ചരിഞ്ഞത്. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വെള്ളിയാഴ്ച രാത്രി വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരുംചേർന്ന് ആനയെ രക്ഷപ്പെടുത്തിയത്.
വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ കുറിച്ച്യാട് വനത്തിലെ കന്നാരം പുഴയോരത്തെ ചെട്ടിമറ്റത്താണ് ചരിഞ്ഞ കുട്ടിയാനക്ക് കാവലായി തള്ളയാനയും കാട്ടാന കുടുംബത്തിലെ മൂന്ന് പിടിയാനകളും നിലയുറപ്പിച്ചത്. ജലപാനംപോലുമില്ലാതെ രാവും പകലും തങ്ങളുടെ അരുമക്കരുകിൽ അവ നിലയുറപ്പിച്ചു. ജനവാസ കേന്ദ്രത്തോട് ചേർന്നുള്ള ഭാഗത്താണ് രാവിലെ ആറോടെ കാട്ടാനക്കൂട്ടത്തെ പ്രദേശവാസികൾ കാണുന്നത്. അതിനടുത്ത് കാട്ടാനക്കുട്ടി ചരിഞ്ഞത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതോടെ അസി. വൈൽഡ് ലൈഫ് വാർഡൻ പി രതീശന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ള വനപാലക സംഘം സ്ഥലത്തെത്തി. പടക്കം പൊട്ടിച്ച് ആനകളെ നീക്കി ജഡം കയറിൽ കെട്ടിവലിക്കുമ്പോഴേക്കും കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. വനപാലകർ ഓടി രക്ഷപ്പെട്ടു. പിന്നീട് ആനകൾ മാറിയതേയില്ല.
തള്ളയാന പലപ്പോഴും ചരിഞ്ഞ കുഞ്ഞിന്റെ ജഡത്തിൽ തുമ്പിക്കൈകൊണ്ട് തലോടുന്നത് കണ്ടുനിന്നവർക്കും നൊമ്പരമായി. രാത്രിയും കാവൽ നിൽക്കുകയാണ്. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടി തിങ്കളാഴ്ചത്തേക്ക് മാറ്റിയതായി അസി. വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. കുട്ടിയാനക്ക് എട്ടുമാസം പ്രായം വരും. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
കരുളായി മൈലമ്പാറ വനത്തോടുചേർന്ന് കുഞ്ഞുമുഹമ്മദിന്റെ കൃഷിയിടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റാവാം ആന ചരിഞ്ഞതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Credits Kerala || Deshabhimani Online News https://ift.tt/3hPNroJ
Comments