'യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരവേലയുടെ ചുക്കാന്‍ ജമാ അത്തെ ഇസ്ലാമിയ്ക്ക്; അരുവിക്കര കാര്‍ഡ് തിരിച്ചു പിടിച്ചു കളിക്കുന്നു '
'ഇസ്ലാമിക വര്‍ഗീയതയ്ക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങളുടെയും ഉറവിടം സംഘപരിവാരയുക്തിയാണെന്ന ഉമ്മാക്കിയൊന്നും സിപിഐഎമ്മിനോടും എല്‍ഡിഎഫിനോടും വേണ്ട എന്ന് ആമുഖമായിത്തന്നെ പറയട്ടെ. അരുവിക്കര ഉപതിരഞ്ഞെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടി കളത്തിലിറക്കിയ കാര്‍ഡ് തിരിച്ചു പിടിച്ചു കളിക്കുകയാണ് ഇപ്പോള്‍ യുഡിഎഫ്. ആ ബുദ്ധി ഓതിക്കൊടുത്തത് ജമാ അത്തെ
ഇസ്ലാമിയാണ് എന്ന് വ്യക്തമാക്കുകയാണ് മാധ്യമം ലേഖനവും മുഖപ്രസംഗവും'; ടി എം
തോമസ് ഐസക്ക് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
യുഡിഎഫിനുവേണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ചുക്കാന്‍ ജമാ അത്തെ
ഇസ്ലാമി ഏറ്റെടുത്തിരിക്കുകയാണ്. ആ കടിഞ്ഞാണ്‍ കൈയിലിരിക്കുന്നതിന്റെ ഹുങ്കാണ് കഴിഞ്ഞ ദിവസം വെല്ലുവിളിയുടെ ഭാഷയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗവും എഡിറ്റ് പേജ് ലേഖനവും.
ഇസ്ലാമിക വര്‍ഗീയതയ്ക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങളുടെയും ഉറവിടം സംഘപരിവാരയുക്തിയാണെന്ന ഉമ്മാക്കിയൊന്നും സിപിഐഎമ്മിനോടും എല്‍ഡിഎഫിനോടും വേണ്ട എന്ന് ആമുഖമായിത്തന്നെ പറയട്ടെ.
അരുവിക്കര ഉപതിരഞ്ഞെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടി കളത്തിലിറക്കിയ കാര്‍ഡ് തിരിച്ചു പിടിച്ചു കളിക്കുകയാണ് ഇപ്പോള്‍ യുഡിഎഫ്. ആ ബുദ്ധി ഓതിക്കൊടുത്തത് ജമായത്തെ ഇസ്ലാമിയാണ് എന്ന് വ്യക്തമാക്കുകയാണ് മാധ്യമം ലേഖനവും മുഖപ്രസംഗവും.
എന്തായിരുന്നു പഴയ കാര്‍ഡ്. അന്ന് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ഉമ്മന്‍ചാണ്ടി വക ഒരു പ്രസ്താവന പ്രത്യക്ഷപ്പെട്ടു. അരുവിക്കരയില്‍ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നുമായിരുന്നു ആ പ്രസ്താവന. ആ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. പിറ്റേന്ന് മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ട തിരഞ്ഞെടുപ്പ് അവലോകനത്തിലെ ഒരു വാചകം ഇങ്ങനെയായിരുന്നു; ''എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായാലും അത്ഭുതപ്പെടാനില്ല എന്ന പ്രസ്താവന ഉമ്മന്‍ചാണ്ടി എന്ന ചാണക്യബുദ്ധിയുടെ അറ്റകൈ പ്രയോഗമായിരുന്നു''.
''സിപിഐ എമ്മില്‍ നിന്ന് ഹിന്ദുവോട്ടുകള്‍ ബിജെപിയിലേയ്ക്കൊഴുകുന്നു'' എന്ന പ്രചാരവേല നടത്തി, യുഡിഎഫിന് പിന്നില്‍ ന്യൂനപക്ഷ കേന്ദ്രീകരിക്കലായിരുന്നു ''ചാണക്യബുദ്ധി''യുടെ ''അറ്റകൈ പ്രയോഗ''ത്തിന്റെ ലക്ഷ്യം.
''സിപിഐ എമ്മുകാരെ റാഞ്ചാന്‍ കേരളത്തില്‍ ബിജെപിയുടെ ഓപ്പറേഷന് ലോട്ടസ്'' തുടങ്ങിയ തലക്കെട്ടുകളിലൂടെ മനോരമയും ഈ ''ചാണക്യബുദ്ധി''യുടെ പ്രചാരവേലയുമായി കളത്തിലിറങ്ങി. തുടര്‍ന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതായിരുന്നു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ''എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്കു പോകും'' എന്ന പ്രസ്താവന പല മണ്ഡലത്തിലും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
''ചാണക്യബുദ്ധി''യുടെ ഈ ''അറ്റകൈ പ്രയോഗം'' പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും തുണച്ചില്ല. യുഡിഎഫിന്റെ ദുര്‍ഭരണത്തിനെതിരെ സകലമാന ജാതിമതസ്ഥരും വിധിയെഴുതി. പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റു. ചാണക്യന്മാര് കൂട്ടത്തോടെ പ്രതിപക്ഷത്തിരുന്നു.
ഭരണത്തിന്റെ വ്യത്യാസം ജനങ്ങള്‍ക്ക് അനുഭവവേദ്യമായി. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും അഴിമതിരഹിതമായ നേതൃത്വവും പൊതുസമൂഹം അംഗീകരിച്ചതോടെ തുടര്‍ഭരണത്തിന് കളമൊരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം അതുറപ്പിച്ചു. അതോടു കൂടി ചാണക്യബുദ്ധിയുടെ അറ്റകൈ പ്രയോഗം റീലോഡു ചെയ്യേണ്ട സ്ഥിതി വന്നു.
''സിപിഐ എമ്മിന്റെ അണികള്‍ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് ചേക്കേറുന്നു'' എന്ന പഴയ പല്ലവിയെ പരിഷ്കരിക്കാന്‍ ബുദ്ധിശാലകളില്‍ തീരുമാനമായി. ബിജെപിയെ പ്രധാന പ്രതിപക്ഷമാക്കാന്‍ സിപിഐ എം ശ്രമിക്കുന്നു എന്നായി പുതിയ പ്രചാലവേല. പഴയ ചാണക്യന്മാര്ക്ക് വീര്യവും വിശ്വാസ്യതയും നഷ്ടപ്പെട്ടതുകാരണം, പ്രചാരണത്തിന്റെ മൊത്തക്കച്ചവടം പോസ്റ്റ് മോഡേണ്‍ ബുദ്ധിശാലകള്‍ ഏറ്റെടുത്തു. കടിഞ്ഞാണ്‍ മാധ്യമത്തിന്റെ കൈയിലായി.
തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലേബലില്‍ വന്ന വര്‍ഗീയ മുന്നണി തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും മാറ്റുരയ്ക്കാന്‍ പോകുന്നത്. അതിന്റെ അപകടം ചൂണ്ടിക്കാണിക്കുന്നതാണ് മാധ്യമത്തെയും ജമാ അത്തെ ഇസ്ലാമിയെയും ചൊടിപ്പിക്കുന്നത്. മതരാഷ്ട്ര വാദത്തിന് സ്വന്തം മുന്നണിയ്ക്കകത്ത് ഇരിപ്പടം കൊടുത്തതും യുഡിഎഫ് ലേബലില്‍ അക്കൂട്ടര്‍ പൊതുസ്ഥാനാര്‍ത്ഥികളായി രംഗപ്രവേശം ചെയ്തതും നമ്മുടെ മതനിരപേക്ഷതയ്ക്ക് വലിയ അപകടം ചെയ്യുമെന്ന വിമര്‍ശനം അന്നും എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നു.
ഇത്തരം കളികളുടെ ആത്യന്തിക ഗുണഭോക്താക്കള്‍ സംഘപരിവാര്‍ മാത്രമായിരിക്കും എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി സഖ്യത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ആളുണ്ടായി എന്നതും യാഥാര്‍ത്ഥ്യമാണ്. അക്കാര്യം തുറന്നു പറഞ്ഞവരെല്ലാം സ്വാഭാവികമായും ജമായത്തെ ഇസ്ലാമിയുടെ ശത്രുപക്ഷത്താണ്. അവരെ ഭീഷണിപ്പെടുത്താനും ഹിന്ദുത്വത്തിന്റെ ചാപ്പയടിക്കാനുമാണ് മാധ്യമത്തിന്റെ പുറപ്പാട്.
''സി.പി.എം സംഘപരിവാറിനു പഠിക്കുമ്പോള്‍'' എന്നാണ് എഡിറ്റോറിയലിനു തലക്കെട്ട്. മുസ്ലിംലീഗിന്റെയും വെല്‍ഫയര്‍ പാര്‍ടിയുടെയും രാഷ്ട്രീയ അജണ്ടകള്‍ തിരിച്ചറിയുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലുള്ള ഈര്‍ഷ്യയാണ് പുറത്തു ചാടിയിരിക്കുന്നത്. മുസ്ലീംലീഗിനെയും വെല്‍ഫയര്‍ പാര്‍ടിയെയും വിമര്‍ശിക്കുന്നത് മുസ്ലിം വിരുദ്ധതയാണത്രേ. ആ വിമര്‍ശനം താമരചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ മടിയില്ലാത്ത ഇടതുപക്ഷക്കാരെ ഉണ്ടാക്കുമത്രേ. ചിരിക്കാതെന്തു ചെയ്യും! പഴത്തൊലിയില്‍ തെന്നിവീണ് ചിരിയുണ്ടാക്കാന്‍ ശ്രമിക്കുന്ന പഴയ തമാശരംഗങ്ങള്‍ക്ക് ഈ വാദത്തേക്കാള്‍ യുക്തിഭദ്രതയുണ്ടാകും.
ഇടതുപക്ഷക്കാരെക്കുറിച്ചുള്ള ഈ വേവലാതിയ്ക്ക് ഏതായാലും നന്ദി പറയുന്നു. എന്നാല്‍ താമരചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ മടിക്കാത്ത കോണ്‍ഗ്രസുകാരെക്കുറിച്ച് വേവലാതിപ്പെടുന്നതാണ് കൂടുതല്‍ ഉചിതമെന്ന് മാധ്യമത്തെയും ജമായത്തെ ഇസ്ലാമിയെയും വിനയപൂര്‍വം ഓര്‍മ്മിപ്പിക്കട്ടെ. മുസ്ലിംലീഗുകാരണം എത്ര കോണ്‍ഗ്രസുകാര്‍ താമരചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ പോയിട്ടുണ്ടെന്ന് ആദ്യം മാധ്യമം പരിശോധിക്കട്ടെ.
ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെപ്പോലെ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോണ്‍ഗ്രസിലെ അണികളും നേതാക്കന്മാരും. കേരളത്തിലെ ഇന്നത്തെ ബിജെപി അണികളില്‍ മുക്കാലേ മുണ്ടാണിയും മുന്‍കോണ്‍ഗ്രസുകാരാണ്. യുഡിഎഫിലെ മുസ്ലിംലീഗിന്റെ അപ്രമാദിത്തം അതിനൊരു കാരണമാണെങ്കില്‍ വെല്‍ഫയര്‍ പാര്‍ടി കൂടി ചേരുന്നതോടെ ആ തകര്‍ച്ച സമ്പൂര്‍ണമാകും.
യുഡിഎഫിന്റെ ഈ വര്‍ഗീയ പരീക്ഷണം താമരയ്ക്ക് വോട്ടു ചെയ്യുന്ന ഇടതുപക്ഷക്കാരെയല്ല, കോണ്‍ഗ്രസുകാരെയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ആ സത്യം തുറന്നു പറഞ്ഞാല്‍ മുസ്ലിം വിരുദ്ധതയുടെ ചാപ്പ കുത്തുമെന്നാണ് മാധ്യമത്തിന്റെ ഭീഷണിയെങ്കില്‍, അതു വകവെയ്ക്കാന്‍ എല്‍ഡിഎഫ് ഒരുക്കമല്ല തന്നെ.
Credits Kerala || Deshabhimani Online News https://ift.tt/3raR5N0
Comments