വിരമിക്കൽ കാലാവധി നീട്ടില്ല: ഐസക്‌

തിരുവനന്തപുരം > ശമ്പള പരിഷ്കരണം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. താങ്ങാനാകാത്ത ഭാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ശമ്പള പരിഷ്കരണ കമീഷൻ ശുപാർശകളിൽ പ്രായോഗികമായ എല്ലാം അടിയന്തരമായി നടപ്പാക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ശമ്പള പരിഷ്കരണ റിപ്പോർട്ട് പരിഗണിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിരമിക്കൽ കാലാവധി നീട്ടില്ല. ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നത് ബജറ്റ് പ്രഖ്യാപനമാണ്. വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കും. സാധാരണ, കമീഷൻ റിപ്പോർട്ട് പരിഗണിക്കുന്ന മന്ത്രിസഭായോഗം ഇതുസംബന്ധിച്ച് പഠിക്കാൻ മന്ത്രിമാരുടെ ഉപസമിതിയെ നിയോഗിക്കാറുണ്ട്. ഉപസമിതി റിപ്പോർട്ടും പരിഗണിച്ചാണ് പരിഷ്കരണം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഏതുസമയത്തും നിലവിൽ വരാവുന്ന സാഹചര്യത്തിൽ മന്ത്രിസഭ നേരിട്ട് ശുപാർശ പരിഗണിച്ച് നടപ്പാക്കൽ നടപടികളിലേക്ക് കടക്കും.
ഈ വർഷം 22,000 ജീവനക്കാർ വിരമിക്കും.

ഇവരുടെ കാലാവധി ഒരുവർഷം നീട്ടിയാൽ കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രയാസങ്ങളിൽ ആശ്വാസമാകുമെന്നാണ് കമീഷൻ അഭിപ്രായപ്പെട്ടത്. വിരമിക്കൽ കാലാവധി നീട്ടില്ലെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ശുപാർശകൾ അടിയന്തരമായി നടപ്പാക്കാൻ അടുത്ത ആഴ്ചയിൽത്തന്നെ ഉത്തരവ് ഇറക്കാൻ കഴിയുമോയെന്നതും സർക്കാർ പരിശോധിക്കും. ശമ്പള, പെൻഷൻ വർധനയിലൂടെ സർക്കാരിന് വർഷം 4810 കോടിയുടെ അധികബാധ്യതയുണ്ടാകും. എല്ലാ ശുപാർശയും അതേപടി നടപ്പാക്കുന്നതിൽ സർക്കാരിന്റെ ധനസ്ഥിതി പ്രയാസം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ozP7Ev

Comments

Archive

Contact Form

Send