പുതുപ്പള്ളി വിട്ട് നേമത്തോ; എതിർത്തും സ്വാഗതം ചെയ്‌തും ഗ്രൂപ്പുകൾ
തിരുവനന്തപുരം > ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ട് തിരുവനന്തപുരം നേമത്ത് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന ദൃശ്യമാധ്യമങ്ങളുടെ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസിലെ അതിരൂക്ഷമായ നേതൃപോര്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ടുവച്ച നിർദേശത്തെ എതിർത്തും സ്വാഗതം ചെയ്തും കോൺഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കളും രംഗത്തിറങ്ങിയതോടെ കോൺഗ്രസിലെ കലാപം ചൂടുപിടിച്ചു.
ചർച്ച കൊഴുക്കുന്നതിനിടെ പുതുപ്പള്ളിയിൽനിന്ന് മാറില്ലെന്ന് വ്യക്തമാക്കി ഉമ്മൻചാണ്ടി വാർത്താകുറിപ്പ് ഇറക്കി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നതാണ്. ആജീവനാന്തം അതിൽ മാറ്റമുണ്ടാകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പഞ്ചായത്തുകളിൽ എൽഡിഎഫിന്റെ വൻ വിജയം സൃഷ്ടിച്ച പരാജയഭീതി മൂലമാണ് ഉമ്മൻചാണ്ടി മണ്ഡലം മാറുന്നതെന്ന അഭ്യൂഹവും ശക്തമായി. സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള ചർച്ച അവസാനിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിട്ടും നേമത്ത് ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്ന് ഉമ്മൻചാണ്ടി മറുപടി നൽകി.
ഉമ്മൻ ചാണ്ടിയെ തലസ്ഥാനത്തെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എവിടെയെങ്കിലും മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കമെന്നായിരുന്നു പ്രചാരണം. പകരം പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കുമെന്നും വാർത്ത വന്നു. ഇത് വലിയ ചർച്ചയായതോടെയാണ് നിഷേധിച്ച് ഉമ്മൻചാണ്ടി വാർത്താകുറിപ്പ് ഇറക്കിയത്.
അതേസമയം, തലസ്ഥാനജില്ലയിൽ മുതിർന്ന നേതാവ് വി എം സുധീരന്റേതടക്കം പല പ്രമുഖരുടെയും പേരുകൾ ഉയരുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3cpqsjj
Comments