ബിപിസിഎൽ കമ്പനിയുടെ സ്വകാര്യവത്കരണം: സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചു‐‐ മുഖ്യമന്ത്രി
തിരുവനന്തപുരം> കൊച്ചിന് റിഫൈനറി സ്വകാര്യവല്ക്കരിക്കപ്പെട്ടാല് സംസ്ഥാനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും സ്വകാര്യവല്‍ക്കരണ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യമന്ത്രിക്കും കത്തയച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ് ശർമയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമരന്തി
റെയില്‍വേ, ഊര്‍ജ്ജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. കൊച്ചിന് റിഫൈനറി ഉള്‍പ്പെടുന്ന ബി.പി.സി.എല്‍ കമ്പനിയും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയും മഹാരത്ന പദവിയുമുള്ള ഭാരത് പെട്രോളിയം കോര്പ്പറേഷന് കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. ദേശീയ താല്‍പ്പര്യവും സംസ്ഥാനത്തിന്റെ പ്രത്യേക താല്‍പ്പര്യവും കണക്കിലെടുത്ത് കമ്പനിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും ഓഹരി വിറ്റഴിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് 2019 നവംബര്‍ 19-ന് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഇത്തരം തെറ്റായ നയങ്ങള്‍ തുടരുമ്പോഴും അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് , പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ,
കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായ കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍(BHEL-EML) ,കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പാലക്കാട്ടെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) തുടങ്ങിയ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ എല്ലാ തരത്തിലും സംസ്ഥാന സര്‍ക്കാര്‍ കഴിയുന്ന രീതിയില്‍ ഇടപെട്ടിട്ടുണ്ട്. ഇനിയും ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/38TnHon
Comments