ഇരിക്കൂറിൽ കെ സി ജോസഫിന്റെ പ്രഖ്യാപനം വെറും രാഷ്ട്രീയ കൗശലമോ?; നാട്ടുകാർക്ക് അത്ര വിശ്വാസം പോര
കണ്ണൂർ > മുപ്പത്തൊമ്പതു വർഷമായി തന്നെ മാത്രം ജയിപ്പിക്കുന്ന ഇരിക്കൂറിൽ ഇനിയൊരു മത്സരത്തിനില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി ജോസഫ് പ്രഖ്യാപിക്കുമ്പോഴും നാട്ടുകാർക്ക് അത്ര വിശ്വാസം പോര. ഇപ്പോൾ ഇങ്ങനെയൊക്കെ പറയുമെങ്കിലും അവസാനം കറങ്ങിത്തിരിഞ്ഞ് അദ്ദേഹത്തിന്റെ പേരു തന്നെയാകും സ്ഥാനാർഥിപ്പട്ടികയിലെന്നാണ് കോൺഗ്രസ് പ്രവർത്തകരടക്കം പറയുന്നത്.
കെ സി ജോസഫ് നോട്ടമിട്ടിരിക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശേരി ലഭിക്കുക എളുപ്പമല്ലെന്നതാണ് ഇതിന് ഒരു കാരണം. ചങ്ങനാശേരി കേരള കോൺഗ്രസിന്റെ സീറ്റാണ്. പാർടിയുടെ മുതിർന്ന നേതാവ് അന്തരിച്ച സി എഫ് തോമസ് ഏറെക്കാലം പ്രതിനിധീകരിച്ച മണ്ഡലം. ഈ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ടുകൊടുക്കാനിടയില്ല. ഇരിക്കൂർ ഉപേക്ഷിക്കുന്നതിന് കെ സി ജോസഫ് മുന്നോട്ടുവച്ച ഉപാധിയും സംശയമുർത്തുന്നതാണ്. ഇരിക്കൂർ മണ്ഡലത്തിൽപ്പെട്ടവർക്കു തന്നെ ടിക്കറ്റ് നൽകണമെന്നതാണ് അദ്ദേഹം പറയുന്നത്. മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളോടുള്ള സൗമനസ്യമെന്നു കരുതാൻ മാത്രം നിഷ്കളങ്കമല്ല ഈ പ്രസ്താവന. നാലു പതിറ്റാണ്ടായി മണ്ഡലം അടക്കിവച്ചിരിക്കുന്ന കെ സി ജോസഫിനെതിരെ കോൺഗ്രസുകാർക്കിടയിൽ കടുത്ത അമർഷമുണ്ട്. ഒരുവട്ടംകൂടി അദ്ദേഹത്തെ സ്ഥാനാർഥിയാക്കുന്നത് ആത്മഹത്യാപരമാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. മണ്ഡലം മുൻകാലത്തെപ്പോലെ സുരക്ഷിതമല്ലെന്ന ബോധ്യം ജോസഫിനുമുണ്ട്. ഇതാണ് ഇനിയൊരങ്കത്തിനില്ലെന്നു പ്രഖ്യാപിക്കാൻ നിർബന്ധിതമാക്കിയത്.
എങ്കിലും കാര്യങ്ങൾ തന്റെ വഴിക്കു തന്നെ വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇപ്പോൾ തന്നെ നിരവധി നേതാക്കളാണ് ഇരിക്കൂർ സീറ്റിനായി കുപ്പായം തയ്പ്പിച്ച് രംഗത്തുള്ളത്. കെപിസിസി ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫും സോണി സെബാസ്റ്റ്യനുമാണ് മുന്നിൽ. പേരാവൂർ എംഎൽഎ സണ്ണി ജോസഫും ഇരിക്കൂറിൽ കണ്ണുവയ്ക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പോടെ എൽഡിഎഫിന് വ്യക്തമായ ആധിപത്യം കൈവന്ന പേരാവൂരിൽ വീണ്ടുമൊരു പരീക്ഷണം നടത്താൻ അദ്ദേഹത്തിനു ധൈര്യം പോര. മൂന്നു പേരും ഇരിക്കൂർ മണ്ഡലത്തിൽ താമസിക്കുന്നവർ. നിലവിൽ എ ഗ്രൂപ്പിന്റെ കൈവശമുള്ള മണ്ഡലത്തിൽ സ്വാഭാവിക പരിഗണന ലഭിക്കേണ്ട നേതാവാണ് സോണി സെബാസ്റ്റ്യൻ. സീറ്റ് ഐ പട്ടികയിലേക്കു വന്നാൽ മാത്രമേ സണ്ണി ജോസഫിനും സജീവ് ജോസഫിനും പ്രതീക്ഷയുള്ളൂ. സ്ഥാനാർഥിനിർണയം കലുഷവും സങ്കീർണവുമാകുമെന്നു വ്യക്തം. ഈ സാഹചര്യം മുതലെടുത്ത് സമവായ സ്ഥാനാർഥിയായി വീണ്ടും രംഗപ്രവേശം ചെയ്യാമെന്ന് കെ സി ജോസഫ് കണക്കുകൂട്ടുന്നു.
കേരളപ്പിറവി മുതൽ രണ്ടു പതിറ്റാണ്ടിലേറെ ഇടതുപക്ഷത്തിന്റെ ശക്തിദുർഗമായി കണക്കാക്കിയിരുന്ന ഇരിക്കൂർ മണ്ഡലത്തിൽ 1982 മുതലാണ് കോട്ടയം സ്വദേശിയായ കെ സി ജോസഫ് തുടർവിജയം കരസ്ഥമാക്കിയത്. മണ്ഡലത്തിലെ രൂപഘടനയിൽ വന്ന മാറ്റമാണ് ഇതിനു പ്രധാന കാരണം. കുടിയേറ്റ ജനതയ്ക്കിടയിൽ യുഡിഎഫിനുള്ള സവിശേഷ സ്വാധീനവും പരമ്പരാഗതമായി കോൺഗ്രസ് രാഷ്ട്രീയം മാത്രം വിളയുന്ന ചില യുഡിഎഫ് പോക്കറ്റുകളും കത്തോലിക്കാ സഭയുടെ അകമഴിഞ്ഞ പിന്തുണയും ജോസഫിന് കരുത്തായി. എന്നാൽ, യുഡിഎഫിന്റെ ഈ പൊന്നാപുരം കോട്ടയെയും വിറപ്പിക്കുന്നതായി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ തേരോട്ടം. പതിറ്റാണ്ടുകളായി യുഡിഎഫ് കുത്തയാക്കിവച്ച പയ്യാവൂർ, ഉദയഗിരി പഞ്ചായത്തുകളടക്കം എൽഡിഎഫ് പിടിച്ചെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3iZwFnw
Comments