നിർബന്ധിത കുമ്പസാരത്തിന് എതിരെ സുപ്രീംകോടതിയിൽ പുതിയ ഹർജി
ന്യൂഡൽഹി> നിർബന്ധിത കുമ്പസാരം മൗലികാവകാശനിഷേധമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ പുതിയ ഹർജി. ക്രൈസ്തവവിശ്വാസികളായ അഞ്ച് മലയാളി വനിതകളാണ് ഹര്ജിക്കാര്. ഹൈക്കോടതിയെ സമീപിച്ചുകൂടേയെന്ന് ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ ആരാഞ്ഞു. എന്നാൽ, സുപ്രീംകോടതി ഒമ്പതംഗബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുള്ള വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഹൈക്കോടതിക്ക് ഹർജി പരിഗണിക്കാൻ പരിമിതിയുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. തുടർന്ന്, കോടതി അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ അഭിപ്രായം തേടി.
ഓർത്തഡോക്സ്–-യാക്കോബായ തർക്കമാണ് ഹർജിക്ക് പിന്നിലെന്നും ഈ വിഷയം കേരളാ ഹൈക്കോടതി പരിഗണിക്കുന്നതാണ് ഉചിതമെന്നും ഏജി പറഞ്ഞു. കുമ്പസാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തിപരവും ആകാമെന്ന് ചീഫ്ജസ്റ്റിസ് പ്രതികരിച്ചു. എന്നാൽ, ഹർജിയിൽ ഭേദഗതി വരുത്താൻ അനുവദിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഇതിനുള്ള സാവകാശം നൽകി.
നിർബന്ധിത കുമ്പസാരം ഭരണഘടനയുടെ 25ാം അനുച്ഛേദം വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നാണ് എറണാകുളം സ്വദേശി ബീനാടിറ്റി ഉൾപ്പെടെയുള്ള ഹർജിക്കാരുടെ വാദം. നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയിൽ സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/3sed6MD
Comments