താന്നൂർ നന്നമ്പ്രയിൽ യു ഡി എഫ് - വെൽഫെയർ സഖ്യം; സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വെൽഫെയറിന്
താനൂർ> വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് യുഡിഎഫ് നേതാക്കൾ പരസ്യപ്രസ്താവന നടത്തുമ്പോൾ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളിൽ ഒന്ന് വെൽഫെയർ പാർട്ടിക്കു നൽകാൻ തീരുമാനം.
ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനമാണ് വെൽഫെയർ പാർട്ടിയുടെ ഏക അംഗത്തിനു നൽകാൻ ധാരണയായത്. 18ാം വാർഡിൽ വെൽഫെയർ പാർടി ചിഹ്നത്തിലാണ് വി കെ സമീന മത്സരിച്ച് വിജയിച്ചത്.
നന്നമ്പ്ര പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുമായി പരസ്യ ധാരണയുണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചത്. യുഡിഎഫ് പോസ്റ്ററിലും വെൽഫെയർ പാർട്ടി സ്ഥാനാർഥി ഇടം നേടിയിരുന്നു.
യുഡിഎഫ് സംവിധാനത്തിലല്ലാത്തതിനാൽ2015ലും ലീഗും വെൽഫെയർ പാർടിയും ധാരണയുണ്ടാക്കിയിരുന്നു. അന്ന് 2 സീറ്റിലാണ് വെൽഫെയർപാർടി മത്സരിച്ചത്. ഒരു സീറ്റിൽ വിജയിക്കുകയും ചെയ്തു. ഇത്തവണ യുഡിഎഫ് സംവിധാനം നിലവിൽ വന്നപ്പോഴും വെൽഫെയർ പാർട്ടി 2 സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നൽകാമെന്ന് നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ചാണ് തീരുമാനമെടുത്തതെന്നാണ് യുഡിഎഫ് പഞ്ചായത്ത് നേതൃത്വം പറയുന്നത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് 18ന് നടക്കും.
Credits Kerala || Deshabhimani Online News https://ift.tt/3nFL9JL
Comments