പാറക്കല്ല് വീണ് കുതിരാൻ തുരങ്കത്തിൽ ദ്വാരം ; അശാസ്‌ത്രീയ നിർമാണമെന്ന് ആക്ഷേപം

മണ്ണുത്തി
നിർമാണത്തിനിടെ കുതിരാൻ മലയിൽനിന്ന് പാറക്കല്ല് വീണ് തുരങ്കമുഖത്ത് ദ്വാരം വീണു. കെഎംസിയുടെ അശാസ്ത്രീയ നിർമാണമാണ് അപകടം വരുത്തിയതെന്ന് ആക്ഷേപം. പാലക്കാട് ഭാഗത്തുള്ള തുരങ്കത്തിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന കോൺക്രീറ്റാണ് തകർന്നത്.
ഞായറാഴ്ച പകൽ 12.30ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുരങ്കത്തിനു മുകളിൽ അപകടകരമായി നിൽക്കുന്ന പാറക്കെട്ടുകളും മണ്ണും നീക്കുന്നതിനിടെയാണ് പാറക്കല്ലു താഴേക്കു പതിച്ചത്. 90 ശതമാനം നിർമാണ ജോലി പൂർത്തിയാക്കിയ തുരങ്കത്തിന്റെ മുൻഭാഗത്തേക്കു 15 മീറ്ററോളം പുറത്തേക്കു തള്ളിനിൽക്കുന്ന രീതിയിൽ കോൺക്രീറ്റ് കമാനം നിർമിച്ചിരുന്നു. ഇതിന്റെ മുകൾഭാഗത്തേക്കാണ് കല്ലു വീണത്. കോൺക്രീറ്റ് ഒന്നരമീറ്റർ വ്യാസത്തിൽ അടർന്നുപോയി. മറ്റു അപകടങ്ങളില്ല.
നേരത്തെ പ്രഗതി കമ്പനിയായിരുന്നു ഉപകരാറായി തുരങ്കനിർമാണം ഏറ്റെടുത്തിരുന്നത്. സാമ്പത്തിക തർക്കത്തെത്തുടർന്ന് പ്രഗതിയെ ഒഴിവാക്കി. ദേശീയ പാതനിർമാണം ഏറ്റെടുത്തിട്ടുള്ള കെഎംസി കമ്പനിയാണ് ഇപ്പോൾ തുരങ്കനിർമാണവും നടത്തുന്നത്. സാങ്കേതിക വിദഗ്ധർ കുറവാണെന്ന് ആക്ഷേപമുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3p5QI5K
Comments