വെൽഫെയർ പാർട്ടിയോടുള്ള സമീപനം കോൺഗ്രസ്‌ തുറന്നുപറയണം; ബിജെപിയുടെ തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകി: എ വിജയരാഘവൻ

തൃശ്ശൂർ > കോൺഗ്രസ് വെൽഫെയർ പാർട്ടിയോടുള്ള നിലപാട് ജനങ്ങളോട് കൃത്യമായി തുറന്നുപറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. മുസ്ലിം ലീഗിന്റെ വർഗീയ ധ്രുവീകരണ നീക്കത്തിനു കീഴ്പ്പെട്ടതാണു തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വലിയ തിരിച്ചടി നൽകിയത്. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ്സിൽ ആശയക്കുഴപ്പമാണ്. ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോൺഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

മത മൗലികമായ വാദമുള്ളവരുമായി ഒത്തു പോകുന്ന പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞാൽ നാട്ടുകാർ എന്തു മനസ്സിലാക്കണം. ഇസ്ലാമിക മത മൗലിക വാദത്തോടാണ് യുഡിഎഫ് സന്ധി ചെയ്തത്. എന്നിട്ട് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നും വിജയരാഘവൻ പറഞ്ഞു.

മുസ്ലിം ലീഗ് ജമാ അത്തെ ഇസ്ലാമി ബന്ധത്തിന്റെ ആപത്തിനെക്കുറിച്ചാണ് ഇടതുമുന്നണി സൂചന നൽകിയത്. ലീഗാണ് ആദ്യം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത്. യുഡിഎഫിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കോൺഗ്രസ് അംഗീകരിക്കുന്നത് പോലെയായിപ്പോയി ഈ നീക്കം. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയ്ക്ക് സഹായകമാകുന്നത് ഈ രീതിയിലാണ്. ബിജെപിക്ക് എതിരായ മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നതാണ് ന്യൂനപക്ഷ വർഗീയ കൂട്ടുകെട്ടുകൾ.

തെരഞ്ഞെടുപ്പിൽ സമൂഹത്തെ വർഗീയവത്ക്കരിക്കുന്ന നിലപാട് സ്വീകരിച്ചവരെ ജനങ്ങൾ അംഗീകരിച്ചില്ല. സർക്കാരിനെതിരായ വ്യാജ പ്രചരണങ്ങൾ നടത്തിയവരെ ജനങ്ങൾ തോൽപ്പിച്ചു. പാർലമെന്റിലേക്ക് ജയിച്ചുപോയവർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം താരിഖ് അൻവർ തന്നെ വിമർശിച്ചിരിക്കുന്നു.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ തോതിൽ അസത്യ പ്രചാരണം നടത്തിയിട്ടും അതിനെ അതിജീവിച്ച ജനകീയ അംഗീകാരമാണു തിരഞ്ഞെടുപ്പിലുണ്ടായത് - വിജയരാഘവൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2L2N7qp

Comments

Archive

Contact Form

Send