സെക്രട്ടറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്‌ക്ക്‌ കൈമാറി; ദൃശ്യം ‘നശിപ്പിക്കൽ’ കഥയും പൊളിഞ്ഞു

തിരുവനന്തപുരം > ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട സെക്രട്ടറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറി. കൊച്ചിയിൽനിന്ന് എൻഐഎയിലെ ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്നുപേരാണ് ദിവസങ്ങളും സമയങ്ങളും രേഖപ്പെടുത്തിയ പട്ടികയുമായെത്തി ദൃശ്യങ്ങൾ പകർത്തിയെടുത്തത്. പൊതുഭരണ വകുപ്പിലെ ഒരു ജീവനക്കാരനെ സഹായത്തിന് നിയോഗിച്ചിരുന്നു. സംശയാസ്പദമായ ഒരു ദൃശ്യവും എൻഐഎയ്ക്ക് ലഭിച്ചില്ലെന്നാണ് വിവരം.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് എൻഐഎ 2019 ജൂലൈ ഒന്നു മുതൽ 2020 ജൂലൈ 12വരെയുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. സെക്രട്ടറിയറ്റ് വളപ്പിൽ 82 സിസിടിവി ക്യാമറയുണ്ട്. ഇതിലെ മുഴുവൻ സമയ ദൃശ്യങ്ങൾ തകരാറില്ലാതെ പകർത്തണമെങ്കിൽപ്രത്യേക സോഫ്റ്റ് വെയറും ഹാർഡ്ഡിസ്കും വേണം. ഇക്കാര്യം പൊതുഭരണ വകുപ്പ് എൻഐഎയെ അറിയിച്ചു. കൃത്യമായ ദിവസങ്ങൾ അറിയിച്ചാൽ അതിവേഗം പകർത്തി നൽകാമെന്നും അറിയിച്ചു. എന്നാൽ മുഴുവൻ സമയ ദൃശ്യങ്ങൾ വേണമെന്ന് എൻഐഎ പറഞ്ഞു. അതോടെ ഹാർഡ് ഡിസ്കിനും സോഫ്റ്റ് വെയറിനുമായി പൊതുഭരണ വകുപ്പ് 1.40 കോടിരൂപയുടെ പ്രത്യേക പദ്ധതി തയ്യാറാക്കി ധന, ഐടി വകുപ്പുകളുടെ അനുമതി വാങ്ങി. തുർന്ന് ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് ദൃശ്യങ്ങളുടെ പകർത്തലും തുടങ്ങി. ഇതിനിടെ എൻഐഎ ചില ദിവസങ്ങളിലെ ദൃശ്യങ്ങൾമാത്രം മതിയെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു.

എൻഐഎ ഉദ്യോഗസ്ഥർ കൊണ്ടുവന്ന എക്സ്റ്റേണൽ ഹാർഡ് ഡിസ്കിലേക്കാണ് ദൃശ്യങ്ങൾ പകർത്തിയത്. പൊതുഭരണ വകുപ്പ് എല്ലാ സഹായവും നൽകി. അതിനിടെ സർക്കാർ സജ്ജമാക്കിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിലേക്ക് പകർത്തൽ തുടരും.

ദൃശ്യം ‘നശിപ്പിക്കൽ’ കഥയും പൊളിഞ്ഞു

തിരുവനന്തപുരം > സെക്രട്ടറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ മുക്കി. ദൃശ്യം നൽകാതെ സർക്കാർ എൻഐഎയെ വലയ്ക്കുന്നു. ഇടിമിന്നലിന്റെ പേരിൽ ദൃശ്യങ്ങൾ മായ്ച്ചു. ഭരണാനുകൂല സംഘടന അനധികൃതമായി ഇടപെടുന്നു.... നുണക്കഥകൾ മെനഞ്ഞ മാധ്യമങ്ങൾക്കും ഇനി ലജ്ജിച്ച് തല താഴ്ത്താം. എൻഐഎ ആവശ്യപ്പെട്ട എല്ലാ സിസിടിവി ദൃശ്യങ്ങളും അവർക്ക് നൽകി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അപസർപ്പക കഥയിൽ പ്രധാന കേന്ദ്രമായിരുന്നു സെക്രട്ടറിയറ്റ്. സ്വപ്ന നിത്യ സന്ദർശകയാണെന്നും ശിവശങ്കറും സ്വപ്നയും ഒന്നിച്ച് സെക്രട്ടറിയറ്റിൽ എത്തിയെന്നും കള്ളക്കഥകൾ പലതുംവന്നു. എൻഐഎ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അന്വേഷണം സെക്രട്ടറിയറ്റിലേക്ക് എന്നായി കഥ. പിന്നീട് പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിൽ ഷോർട് സർക്യൂട്ടായി തീപിടിത്തമുണ്ടായപ്പോൾ രേഖകൾ തീയിട്ടുവെന്നും കഥ പടച്ചു. എൻഐഎയും ഇഡിയും കസ്റ്റംസും ആവശ്യപ്പെട്ട മുഴുവൻ രേഖകളും അതിന് മുമ്പേ കൊച്ചി ഓഫീസിൽ എത്തിച്ചിരുന്നുവെന്ന് രേഖകൾ സഹിതം "ദേശാഭിമാനി' പുറത്തുകൊണ്ടുവന്നപ്പോൾ അത് ചീറ്റി. ഒടുവിൽ എൻഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങൾ ലഭിച്ചതോടെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന കഥയും പൊളിഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2NFD7Vc

Comments

Archive

Contact Form

Send