സിഎജിക്ക്‌ വേറെ ലക്ഷ്യം; രാഷ്‌‌ട്രീയമായി നേരിടും: മന്ത്രി തോമസ്‌ ഐസക്‌

തിരുവനന്തപുരം > കേരള സർക്കാരിനെതിരായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഗൂഢനീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അജൻഡയുടെ ഭാഗമായാണ് സിഎജി റിപ്പോർട്ടിൽ കിഫ്ബിക്കെതിരായ പരാമർശങ്ങൾ കൂട്ടിച്ചേർത്തത്. ഇത് കേരളത്തിൽ വിലപ്പോകില്ല. ഇക്കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം.

റിസർവ് ബാങ്ക് സമ്മത പത്രം തന്നശേഷമാണ് മസാല ബോണ്ട് വഴി കിഫ്ബി ധനസമാഹരണം നടത്തിയത്. കേന്ദ്ര നിയമം കൃത്യമായി പാലിച്ചാണ് വായ്പ എടുത്തത്. കേരള സർക്കാരല്ല, വായ്പ എടുത്തത്. കിഫ്ബിയാണ്. ഇത് സംസ്ഥാനം വായ്പ എടുക്കുന്നതിനു തുല്ല്യമല്ല. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സംസ്ഥാനത്തെ തന്നെ കൊച്ചി മെട്രോ, സിയാൽ തുടങ്ങിയവയും ഇതു പോലെ വായ്പ എടുത്തിട്ടുണ്ട്. അന്നൊന്നും സിഎജി എതിർത്തിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും സമാനമായ രീതിയിൽ വായ്പ എടുത്തിട്ടുണ്ട്. ആ വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സിഎജി പറഞ്ഞിട്ടില്ല. ഇതരസംസ്ഥാനങ്ങൾക്കുള്ള അവകാശം കേരളത്തിന് നിഷേധിക്കുന്നത് രാഷ്ട്രീയ നീക്കമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുകമറ സൃഷ്ടിക്കാനാണ് സിഎജി ശ്രമിക്കുന്നത്. കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യം അന്തിമ റിപ്പോർട്ടിൽ തിരുകി കയറ്റുകയായിരുന്നു. ഇതാകട്ടെ സംസ്ഥാനത്തിന്റെ വിശദീകരണം തേടാതെയും. ഇത് നിയമവിരുദ്ധമാണ്.ഈ തട്ടിക്കൂട്ട് റിപ്പോർട്ട് ശുദ്ധ വിവരക്കേടാണ്. നടപടിക്രമങ്ങൾ ലംഘിച്ച് സംസ്ഥാന സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തത്.

കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള കേന്ദ്ര ഏജൻസിയുടെ കുത്സിത ശ്രമമാണിത്. മസാല ബോണ്ടിനെക്കുറിച്ച് അസംബന്ധം എഴുതിവച്ച സിഎജി നിയമവിദഗ്ധരുമായി കൂടിയാലോചിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സ്വന്തം സ്ഥാനം മനസ്സിലാക്കി വേണം സിഎജി പ്രവർത്തിക്കാൻ. അല്ലാതെ രാഷ്ട്രീയ ചട്ടുകമായി മാറരുത്. ഈ വിഷയം നിയമസഭ ചർച്ച ചെയ്യണം. സംസ്ഥാന വികസനത്തെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38X1m9x

Comments

Archive

Contact Form

Send