ഏഴിൽ പഠനം നിർത്തി; പിന്നീട്‌ കവർച്ചയിലേക്ക്‌ തിരിഞ്ഞു


കൊല്ലം
പൊലീസ് കസ്റ്റഡിയിലുള്ള കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് കവർച്ചകൾക്ക് തുടക്കമിട്ടത് പ്രായപൂർത്തിയാകുംമുമ്പ്. കുറഞ്ഞ വർഷത്തിനിടെ നടത്തിയ നൂറിലേറെ കവർച്ചകൾ. അതും വിവിധ ജില്ലകളിലും തമിഴ്നാട്ടിലും കർണാടകത്തിലും. വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച എന്നതിനാലാണ് വടിവാൾ വിനീത് എന്ന വിളിപ്പേര് വീണത്.

ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച വിനീത്, മൂന്നു പേരോടൊപ്പം എടത്വയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസമാക്കിയാണ് മോഷണത്തിലേക്കു തിരിഞ്ഞത്. കായലിൽനിന്നു മീൻ പിടിച്ചു ദേശീയപാതയിൽ വിറ്റാണ് സംഘത്തിന്റെ തുടക്കം. ഇതിനിടയിൽ ബേക്കറിയിൽനിന്നു ഭക്ഷണ സാധനം മോഷ്ടിച്ചതിനു പിടിയിലായി ജുവനൈൽ ഹോമിൽ കഴിഞ്ഞു. ബൈക്ക്, കാർ എന്നിവയുടെ മെക്കാനിക്കൽ പണി അറിയാവുന്ന വിനീത് യുവാക്കൾ മോഷ്ടിച്ചു കൊണ്ടുവരുന്ന ബൈക്കുകൾ കണ്ടാണ് ആ വഴിയിലേക്ക് തിരിഞ്ഞത്.

വടിവാൾ വിനീതിനെ എത്തിച്ച് തെളിവെടുത്തു
ദേശീയപാത കേന്ദ്രീകരിച്ച് വാഹനയാത്രക്കാരെ വടിവാൾ കാട്ടി വിരട്ടി കൊള്ളയടിച്ച കേസുകളിൽ പിടിയിലായ വടിവാൾ വിനീതിനെ തെളിവെടുപ്പിന് എത്തിച്ചു. കവര്ച്ചയും കവര്ച്ചാശ്രമങ്ങളും നടത്തിയ പള്ളിത്തോട്ടം, ലക്ഷ്മിനട, എസ്ബിഐ ജങ്ഷൻ, നീലാംതോട്ടം എന്നിവിടങ്ങളിൽ കൊല്ലം ഈസ്റ്റ് എസ്ഐ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയുമായി തെളിവെടുപ്പു നടത്തിയത്. ആലപ്പുഴ എടത്വ ചങ്ങങ്കേരി ലക്ഷംവീട് കോളനിയിൽ വിനീതിനെ (23) കടപ്പാക്കട തൊഴിലാളി ജങ്ഷനിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെ വ്യാഴാഴ്ച ചുലർച്ചെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.

റിമാൻഡിലായിരുന്ന വിനീതിനെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ ഞായറാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി. ചവറ, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കുണ്ടറ, ചടയമംഗലം, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകളിലും വിനീതിനെതിരെ കേസുണ്ട്.

ചെങ്ങന്നൂരിൽ വീഡിയോഗ്രാഫറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കാറും ക്യാമറയും സ്വർണവും തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്യാൻ ചെങ്ങന്നൂർ പൊലീസിന് കോടതി അനുമതി നൽകിയിട്ടുണ്ട്. കാർ മോഷണക്കേസിൽ ബംഗളൂരു പൊലീസും ഇയാളെ കസ്​റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് കസ്റ്റഡി കാലാവധി കഴിയും.
ചെങ്ങന്നൂരിൽനിന്ന് കാർ മോഷ്ടിച്ച് കൊല്ലത്തേക്കു മുങ്ങിയ വിനീത്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തിവരികയായിരുന്നു.

ജയിലിലുള്ള ഭാര്യ ഷിൻസിയുടെ കേസ് നടത്താനുള്ള പണമുണ്ടാക്കാനാണ് കൊല്ലം കേന്ദ്രീകരിച്ച് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nS4Z4R

Comments

Archive

Contact Form

Send