സംവിധായകന്‍ ഷാജി പാണ്ഡവത്ത് നിര്യാതനായി
അമ്പലപ്പുഴ > പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്ത് (64) നിര്യാതനായി. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടര്ന്ന് കോട്ടയം സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ ഞായറാഴ്ച പകല് 2.15 ഓടെയാണ് മരിച്ചത്. റിട്ട.ബി ഡി ഒ ആണ്.
കവചം, പ്രായിക്കര പാപ്പാന്, ഗംഗോത്രി എന്നീ സിനിമകളുടെ കഥയും തിരക്കഥയും, വ്യൂഹം, ആവണിക്കുന്നിലെ കിന്നരിപ്പൂക്കള് സിനിമകളുടെയും, നിരവധി സീരിയലുകളുടെയും കഥാരചനയും നിര്വ്വഹിച്ചിട്ടുണ്ട്. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാക്കത്തുരുത്ത് എന്ന സിനിമയുടെ സെന്സറിങ് ജോലികള് ക്രിസ്തുമസ് ദിനത്തില് തിരുവനന്തപുരത്ത് പൂര്ത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ പ്രദര്ശനം കാണാന് കഴിഞ്ഞ ദിവസം പോകാനിരിക്കെ കാല് തെറ്റി നിലത്തു വീണ് ആരോഗ്യനില വഷളാകുകയായിരുന്നു.
മാക്ട മുന് സെക്രട്ടറി, സംസ്കാര സാഹിതി ജില്ലാ ചെയര്മാന്, കെപിസിസി സാംസ്കാരിക സമിതി മുന് ജില്ലാ ചെയര്മാന്, കുഞ്ചന് നമ്പ്യാര് സ്മാരക സമിതി മുന് സെക്രട്ടറി, കേരളാ സ്റ്റേറ്റ് സര്വ്വീസസ് പെന്ഷനേഴ്സ് അസോസിയേഷന് മുന് ജില്ലാ വൈസ് പ്രസിഡന്റ്, എന്ജിഒ അസോസിയേഷന് ജില്ലാ കൗണ്സില് അംഗം എന്നീ നിലയില് പ്രവര്ത്തിച്ചിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ: ഹന്സ (കേരളത്തിന്റെ വിപ്ലവ ഗായിക പി കെ മേദിനിയുടെ മകള്). മക്കള്: ടീന പാണ്ഡവത്ത്, ഹിമ പാണ്ഡവത്ത്. മരുമക്കള്: ഷൈന്, വിവേക്.
Credits Kerala || Deshabhimani Online News https://ift.tt/3ndEhmO
Comments