എൽഡിഎഫ്‌ ഭരണത്തുടർച്ച അനിവാര്യം: പി രാജീവ്‌

പാലക്കാട് > രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ സംരക്ഷണത്തിന് കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച അനിവാര്യമായ മുന്നുപാധിയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്. ഇത്തവണ അത് നിർണായകമാകും. ജില്ലയിലെ വിവിധ ഏരിയകളിൽ ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന് സർക്കാർ കഴിഞ്ഞ നാലേമുക്കാൽ വർഷം വൻ വികസന പദ്ധതികളാണ് നടപ്പാക്കിയത്. അത് ജനങ്ങളിലെത്താതിരിക്കാൻ മഴവിൽസഖ്യം വിവാദം ഉയർത്തി വികസനം മറയ്ക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴെല്ലാം ഇത്തരം മഴവിൽ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. വലതുപക്ഷത്തിനാവശ്യമായ പൊതുബോധം സൃഷ്ടിക്കുകയാണിവർ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച വിജയം നേടി. അത് ചരിത്രപരവുമാണ്. ഇടതുപക്ഷത്തിന്റെ ഈ വിജയത്തിൽ ‘ദേശാഭിമാനി’ നല്ല പങ്കുവഹിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പോടെ ലീഗ്–- കോൺഗ്രസ് വ്യത്യാസം നന്നേ കുറഞ്ഞു. 2011ൽ ലീഗും കോൺഗ്രസും തമ്മിൽ 18 എംഎൽഎമാരുടെ വ്യത്യാസമുണ്ടായിരുന്നു. 2016ൽ അത് നാലായി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് മൂന്നായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് ഒന്നാം കക്ഷിയാകുന്ന നിലയിലേക്ക് മാറാൻ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയാണ്.

ബിജെപിയിൽനിന്ന് എങ്ങനെ കേരളം വ്യത്യസ്തമാകുന്നുവെന്നത് ജീവിതാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. നെൽക്കർഷകർക്ക് രാജ്യത്താദ്യമായി റോയൽറ്റി ഏർപ്പെടുത്തിയത് കേരളത്തിലാണ്. ഡൽഹിയിലെ കർഷക സമരം നമുക്കുകൂടിയാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നിയമവിധേയമാകുന്നതോടെ ആ വാക്കുതന്നെ ഡിക്ഷ്ണറിയിൽനിന്ന് അപ്രത്യക്ഷമാകും. ഇതെല്ലാം ജനങ്ങളിലെത്തിക്കാന് ‘ദേശാഭിമാനി’യുടെ പ്രചാരം വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പി രാജീവ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/39fF82M

Comments

Archive

Contact Form

Send