അടിച്ചമർത്തൽ നീക്കം പൊളിച്ചു; കർഷകസമരം പടരുന്നു നാടാകെ
ന്യൂഡൽഹി > കേന്ദ്ര സർക്കാരിന്റെയും ഹരിയാന–- യുപി സർക്കാരുകളുടെയും അടിച്ചമർത്തല്‍ നീക്കം ചെറുത്ത് കര്‍ഷകപ്രക്ഷോഭം ഉത്തരേന്ത്യയാകെ പടരുന്നു. കര്‍ഷകവേട്ടയില്‍ പ്രതിഷേധിച്ച് ഡൽഹി അതിര്‍ത്തികളിലെ സമരകേന്ദ്രങ്ങളിലേക്ക് കർഷകപ്രവാഹം ശക്തമായി. സിൻഘു, ഗാസിപുർ, ടിക്രി, ഷാജഹാൻപുർ എന്നിവിടങ്ങളിലേക്ക് അയൽസംസ്ഥാനങ്ങളിൽനിന്ന് കർഷകർ കൂട്ടമായി എത്തുന്നു. റോഡില്‍ കിടങ്ങുകൾ തീർത്തും ഗതാഗതം തടഞ്ഞും സമരകേന്ദ്രം വളഞ്ഞും ഇന്റർനെറ്റ് വിച്ഛേദിച്ചും കർഷകപ്രവാഹത്തെ തടയാനുള്ള കേന്ദ്ര–-സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങളെല്ലാം വിഫലമായി.
പടിഞ്ഞാറൻ യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ കർഷകർ എത്തുന്നത്. ട്രാക്ടറുകളിലും മറ്റ് വാഹനങ്ങളിലുമായി എത്തുന്നവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. റിപ്പബ്ലിക് ദിനത്തിൽ സംഘപരിവാർ അനുകൂലികളുടെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത അനിഷ്ടസംഭവങ്ങളുടെ മറവിൽ സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രനീക്കമാണ് കർഷകർ സംഘടിതമായി പരാജയപ്പെടുത്തിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാർഷിക ദിനമായ ശനിയാഴ്ച സമരകേന്ദ്രങ്ങളിൽ സദ്ഭാവനാ ദിവസമായി ആചരിച്ചു. നേതാക്കളും കർഷകരും ഉപവാസമനുഷ്ഠിച്ചു.
ഞെട്ടൽമാറാതെ കേന്ദ്രം
സമരകേന്ദ്രങ്ങളിലേക്കുള്ള ജനപ്രവാഹത്തിന്റെ ഞെട്ടലിലാണ് കേന്ദ്രം. ഗാസിപുർ സമരകേന്ദ്രം ബലമായി ഒഴിപ്പിക്കാനുള്ള കേന്ദ്ര–- യുപി സർക്കാരുകളുടെ നീക്കമാണ് സമരത്തെ പെട്ടെന്ന് ശക്തമാക്കിയതെന്ന് ബിജെപിക്കുള്ളിൽ അഭിപ്രായമുയർന്നു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാഗേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ ഹരിയാനയിലെയും പടിഞ്ഞാറൻ യുപിയിലെയും ബിജെപി എംപിമാരടക്കം വിമർശിച്ചു.
ആയിരത്തിൽ താഴെമാത്രം പ്രക്ഷോഭകരുണ്ടായിരുന്ന ഗാസിപുരിൽ നിലവിൽ പതിനായിരക്കണക്കിന് കർഷകരുണ്ട്. കർഷകർ വാഹനങ്ങളിൽ വരുന്നത് തടയാൻ ഡൽഹി–- മീറത്ത് ദേശീയപാത ഗാസിപുരിന് ഇരുഭാഗത്തുമായി പൊലീസ് ബാരിക്കേഡുകൾ തീർത്തു. സിൻഘുവിലേക്കുള്ള പ്രധാനപാത അടച്ചു. സമരകേന്ദ്രങ്ങളിൽ പൊലീസും അർധസേനയും തമ്പടിച്ചു.
സിൻഘു, ടിക്രി, ഗാസിപുർ മേഖലയില്‍ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഹരിയാനയിലെ 18 ജില്ലയിലും പടിഞ്ഞാറൻ യുപിയിലും ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.
പ്രകോപനത്തിൽ വീഴില്ല: കർഷകർ
സർക്കാരും പൊലീസും സംഘപരിവാറും എത്ര പ്രകോപിപ്പിച്ചാലും സമരം സമാധാനപരമായി തന്നെ തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി. മൂന്ന് നിയമവും പിൻവലിക്കുംവരെ സമരം തുടരും. നാട്ടുകാരെന്ന വ്യാജേന സംഘപരിവാർ പ്രവർത്തകരാണ് സമരകേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും–- കിസാൻമോർച്ച നേതാക്കൾ അറിയിച്ചു. പ്രധാനമന്ത്രി ശനിയാഴ്ച വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും കർഷകപ്രക്ഷോഭം മുഖ്യവിഷയമായി.
നിയമങ്ങൾ പിൻവലിക്കണമെന്ന്പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
സർക്കാർ കുതന്ത്രം വിജയിക്കില്ല: യെച്ചൂരി
ന്യൂഡൽഹി > പൊലീസ് സംരക്ഷണയിൽ ഗുണ്ടകളെ അഴിച്ചുവിട്ട് കർഷകരെ ആക്രമിച്ച് സമരം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വിജയിക്കില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ സമരത്തിലും ഇതേ തന്ത്രമാണ് സർക്കാർ പയറ്റിയത്. അത് ഇക്കുറി വിജയിക്കില്ല. ഹരിയാനയിലെയും യുപിയിലെയും ജനമുന്നേറ്റം വ്യക്തമാക്കുന്നതതാണ്.
ചെങ്കോട്ടയിൽ അക്രമികൾക്ക് അകത്തുകയറാൻ ഗേറ്റുകൾ പൊലീസ് തുറന്നുകൊടുത്തത് സമരം തകർക്കാനാണ്. ഗേറ്റുകൾ തുറന്നവരെയും അകത്തുകയറിയവരെയും എന്തുകൊണ്ടാണ് പിടികൂടാത്തത്. ഇതിന് പകരം കർഷകർക്കെതിരെ കരിനിയമങ്ങൾ ചുമത്തുകയാണ് –- യെച്ചൂരി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3ovOsUp
Comments