എവിടെ വിചാരിക്കുന്നോ അവിടെ വിശ്രമിക്കാം ; ആദ്യഘട്ടം 2365 ഹൈടെക് ശൗചാലയം; 1053 ഉടൻ
സ്ത്രീ യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമായി പാതയോരങ്ങളിൽ ആദ്യഘട്ടം തയ്യാറാക്കുന്നത് 2365 ‘ടേക്ക് എ ബ്രേക്ക് ’ സെന്റർ. ഇതിനുള്ള അന്തിമപട്ടിക തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കി. ഇതിൽ സാങ്കേതികാനുമതി ലഭിച്ച 1110 സെന്ററുകളിൽ 1053 എണ്ണത്തിന്റെ ടെൻഡർ കഴിഞ്ഞു.
48 എണ്ണത്തിന്റെ നിർമാണം കൂറഞ്ഞ കാലംകൊണ്ട് പൂർത്തിയാക്കി. 361 എണ്ണത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 118.82 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. എൽഡിഎഫ് സർക്കാർ 12 ഇന പരിപാടികളിൽ ഉൾപ്പെടുത്തിയാണ് രാജ്യത്തിന് മാതൃകയായ ‘ടേക്ക് എ ബ്രേക്ക്’ സ്ത്രീ സൗഹൃദ പദ്ധതി നടപ്പാക്കുന്നത്.
യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ശൗചാലയങ്ങളുടെ അപര്യാപ്തതയ്ക്ക് പരിഹാരമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വഴിയോരങ്ങളിൽ ശൗചാലയം പദ്ധതി പ്രഖ്യാപിച്ചത്.
സ്ത്രീകൾക്കും പുരുഷൻന്മാർക്കും വെവ്വേറെ മുറിയുണ്ടാകും. അംഗപരിമിതർക്ക് പ്രത്യേക ശൗചാലയം, കഫറ്റേരിയ തുടങ്ങിയവ ഉൾപ്പെട്ടതാണ് സെന്ററുകൾ.
സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഓർഡിനറി, ബേസിക്, എക്സിക്യുട്ടീവ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ശൗചാലയങ്ങൾ. എല്ലാ സെന്ററും സ്ത്രീ സൗഹൃദമായിരിക്കും. ഏത് പാതിരായ്ക്കും സ്ത്രീകൾക്ക് ധൈര്യപൂർവം കടന്നുചെല്ലുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. നിലവിൽ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ ഏതാനും ‘ടേക്ക് എ ബ്രേക്ക്’ സെന്ററുകൾ സംസ്ഥാനത്തുണ്ട്.

Credits Kerala || Deshabhimani Online News https://ift.tt/3tmhAkM
Comments