കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് എബിപി സി വോട്ടര്‍ സര്‍വേ; 83 മുതല്‍ 91 സീറ്റുകള് വരെ
ന്യൂഡല്ഹി > കേരളത്തില് എല്ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് സര്വേ. പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ എബിപിയും സീ വോട്ടറുമായി ചേർന്നാണ് സർവേ നടത്തിയത്. 83 മുതല് 91 സീറ്റുകള് വരെ നേടി എല്ഡിഎഫ് ഭരണത്തില് എത്തുമെന്നാണ് സീ വോട്ടര് സര്വേ ഫലം പറയുന്നത്.
യുഡിഎഫിന് 47 മുതല് 55 സീറ്റുകള് വരെ ലഭിച്ചേക്കുമെന്നാണ് പ്രഖ്യാപനം. 2016 ല് ലഭിച്ച സീറ്റുകളേക്കാള് കൂടുതല് ലഭിക്കുമെന്നാണ് സര്വേ ഫലത്തില് പറയുന്നത്. ബിജെപിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവര് രണ്ട് സീറ്റുകള് വരെയുമാണ് പ്രവചനം. തമിഴ്നാട്ടില് ഡിഎംകെ സഖ്യം വന് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതല് 162 സീറ്റുകള് വരെ ലഭിക്കും. എഐഎഡിഎംകെ - ബിജെപി സഖ്യത്തിന് 58 - 66 സീറ്റുകള് വരെയാണ് ലഭിക്കുകയെന്നും സര്വേ ഫലം പറയുന്നു.
അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബിജെപി അധികാരം നിലനിർത്തും. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവർക്ക് അഞ്ച് മുതൽ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും ഫലം പറയുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതുച്ചേരിയിൽ ഭരണം നഷ്ടമായ കോൺഗ്രസിന് വരുന്ന തെരഞ്ഞെടുപ്പിലും ഭരണം നഷ്ടമായേക്കുമെന്നും സർവേയിൽ പറയുന്നു. ബിജെപി സഖ്യത്തിന് 17 മുതൽ 21 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് എട്ട് മുതൽ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവർ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും അഭിപ്രായ സർവേ പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3r2zkQm
Comments