സാമ്പത്തിക അസമത്വം ഭീകരമായി വളര്‍ത്തുന്ന ബജറ്റ്; ഫെഡറല്‍ സംവിധാനം തകര്‍ക്കാനും നീക്കം: യെച്ചൂരി

ന്യൂഡല്ഹി > സംസ്ഥാനങ്ങളെ സാമ്പത്തികമായി കൂടുതല് ബുദ്ധിമുട്ടിക്കാനും രാജ്യത്തിന്റെ ഫെഡറല് സംവിധാനം തകര്ക്കാനും കേന്ദ്രബജറ്റ് ലക്ഷ്യമിടുന്നതായി സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിന്റെ വരുമാനം വര്ധിപ്പിക്കാനും സംസ്ഥാനങ്ങള്ക്ക് അര്ഹമായ വിഹിതം നിഷേധിക്കാനുമാണ് നിര്ദേശങ്ങള്. നികുതികള് കുറച്ച് പകരം സെസ്സും സര്ചാര്ജും ഏര്പ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണെന്ന് യെച്ചൂരി വാര്ത്താസമ്മേളനത്തില് പറഞ്ഞു.

നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്നതാണ് വ്യവസ്ഥ. എന്നാല് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുകയും പകരം സെസ് പ്രഖ്യാപിക്കുകയും ചെയ്തു. സെസ്സ് വഴിയുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. ജിഎസ്ടി നഷ്ടപരിഹാര ഇനത്തില് 20,000 കോടിയോളം രൂപ വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാര വിതരണത്തില് ഇപ്പോള് തന്നെ കുടിശികയാണ്. ഇത്തരത്തില് സംസ്ഥാനങ്ങളെ തളര്ത്തുന്നതിനെതിരെ വിവിധ രാഷ്ട്രീയപാര്ടികള് രംഗത്തുവരണമെന്ന് യെച്ചൂരി പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക അസമത്വം ഭീകരമായ വിധത്തില് വളര്ത്തുന്നതാണ് ബജറ്റ്. ദരിദ്രര് കൂടുതല് ദരിദ്രരാവുകയും സമ്പന്നര് കൂടുതല് സമ്പന്നരാവുകയും ചെയ്യും. ജനങ്ങളുടെ ജീവിതദുരിതങ്ങള് പരിഹരിക്കുന്നതില് കുറ്റകരമായ അനാസ്ഥയാണ് സര്ക്കാര് പ്രകടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിവിഹിതത്തില് 42 ശതമാനം കുറവ് വരുത്തി. ഭക്ഷ്യസബ്സിഡിയും വെട്ടിക്കുറച്ചു. ധനക്കമ്മി പെരുകാന് കാരണം സര്ക്കാര് കൂടുതല് പണം ചെലവിട്ടതല്ല. വരുമാനത്തില് ഉണ്ടായ വന്ഇടിവാണ്. കോര്പറേറ്റ്, ആദായനികുതി വരുമാനങ്ങള് കുത്തനെ ഇടിഞ്ഞു. അതേസമയം രാജ്യത്തെ ശതകോടിശ്വരന്മാരുടെ ആസ്തിയിലെ വര്ധന കുതിക്കുന്നു.

ആത്മനിര്ഭര് ബജറ്റല്ല, ആത്മസമര്പ്പണ് ബജറ്റാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടന ദേശീയ--വിദേശ മൂലധനകുത്തകകള്ക്ക് സമര്പ്പിച്ചു. പെട്രോള്, ഡീസല് വില അടിക്കടി ഉയരുന്ന ഏക രാജ്യം ഇന്ത്യയാണ്. ദേശീയ ആസ്തികളുടെ കൊള്ളയാണ് ബജറ്റില് പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില് പ്രഖ്യാപിച്ച പദ്ധതികള് തട്ടിപ്പാണെന്ന് യെച്ചൂരി പ്രതികരിച്ചു. മുസ്ലിംലീഗിനു ഓരോ സംസ്ഥാനത്തും ഓരോ നയമാണെന്നും അദ്ദേഹം ചോദ്യത്തിനു ഉത്തരം നല്കി.



Credits National || Deshabhimani ​Online ​News https://ift.tt/36CZ7qa

Comments

Archive

Contact Form

Send