എം വി ജയരാജൻ കോവിഡ് മുക്തനായി; തീവ്രപരിചരണവിഭാഗത്തിൽ തുടരും
പരിയാരം > കോവിഡ് ന്യുമോണിയ ബാധിതനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കഴിയുന്ന സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇടവേളകളിൽ ഓക്സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിച്ചത് ഫലം കണ്ടതായി യോഗം വിലയിരുത്തി. രക്തത്തിലെ ഓക്സിജന്റെ അളവിലും കാര്യമായ പുരോഗതി ദൃശ്യമായതിനാൽ സിപാപ്പ് വെന്റിലേറ്റർ സപ്പോർട്ട് ഒഴിവാക്കി മിനിമം ഓക്സിജൻ സപ്പോർട്ട് തുടരാനും തീരുമാനിച്ചു. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാണ്.
അദ്ദേഹത്തിനിപ്പോൾ എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്. മൂത്രത്തിലുണ്ടായ നേരിയ അണുബാധ തടയുന്നതിന് മരുന്ന് നൽകിത്തുടങ്ങി. എന്നാൽ കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ല. അതിനാൽ ജാഗ്രത തുടരേണ്ടതുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ് ചെയർമാനും സൂപ്രണ്ട് ഡോ. കെ സുദീപ് കൺവീനറുമായ മെഡിക്കൽ ബോർഡ് വിലയിരുത്തി. കർശന നിരീക്ഷണം ആവശ്യമുള്ളതിനാൽ ജയരാജൻ തീവ്രപരിചരണവിഭാഗത്തിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3asgAmt
Comments