കൊച്ചിയിൽ കോൺഗ്രസിൽനിന്ന് കൂട്ടരാജി; നൂറോളംപേർ സിപിഐ എമ്മിനൊപ്പം
കൊച്ചി > കൊച്ചി നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച നൂറോളം പേർ സിപിഎമ്മിനൊപ്പം ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് പ്രാദേശിക നേതാക്കളായ കെ ബി അഷറഫ്, എം സത്യൻ, പി എച്ച് അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഇന്ദു ജ്യോതിഷും കോൺഗ്രസിൽനിന്ന് രാജിവച്ചവരിൽ ഉൾപ്പെടുന്നു. കോൺഗ്രസ് വനിതാ നേതാക്കളായ റിറ്റി സെബാസ്റ്റ്യൻ, ജാൻസി ജോയി, ഐ ആർ മഞ്ജുള്ള എന്നിവരും, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ എസ് സൈഫുദ്ധീൻ, മണ്ഡലം ജനറൽ സെക്രട്ടറി അയൂബ് സുലൈമാൻ, ബഷീർ അലി, ഇസ്മയിൽ ഹസൻ, കോൺഗ്രസ് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതിഷ് രവീന്ദ്രൻ, പി എം ബഷീർ(കോടതി) എന്നിവരടക്കമുള്ളവരാണ് സിപിഎമ്മിനൊപ്പം ചേർന്നത്.
ഹോട്ടൽ അബാദിൽ വെച്ച് നടന്ന സ്വീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളുടെ അവസര വാദ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചാണ് തങ്ങൾ കോൺഗ്രസിൽനിന്ന് രാജിവച്ച് ബഹുജനടിത്തറയുള്ള സിപിഎമ്മിനൊപ്പം ചേരുന്നതെന്ന് പ്രവർത്തകർ പറഞ്ഞു. യോഗത്തിൽ കെ ബി അഷറഫ് അധ്യക്ഷനായി. കെ എം റിയാദ്, കെ ജെ ആന്റണി, ടൗൺ പ്ളാനിങ് കമ്മിറ്റി ചെയർമാൻ ജെ സനൽ മോൻ, കൗൺസിലർ എം ഹബീബുള്ള, എം സത്യൻ, പി എച്ച് അബ്ദുൽ സലാം, കെ ബി സലാം, കെ എസ് സൈഫുദ്ധീൻ, ഇന്ദു ജ്യോതിഷ്, വി വൈ നാസർ തുടങ്ങിയവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3rBUwwv
Comments