കേന്ദ്രസർവീസിലെ ലാസ്‌റ്റ് ഗ്രേഡ് നിർത്തലാക്കിയത് കോൺഗ്രസ്
ന്യൂഡൽഹി > കേന്ദ്രസർവീസിൽ ഏഴ് ലക്ഷത്തോളം ഗ്രൂപ്പ് ‘ഡി’(ലാസ്റ്റ് ഗ്രേഡ്) തസ്തിക നിർത്തലാക്കിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2010 ഏപ്രിൽ 30നാണ് പേഴ്സണൽ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആറാം ശമ്പള കമീഷൻ ശുപാർശ നടപ്പാക്കുന്നുവെന്നപേരിലായിരുന്നു തസ്തിക നിർത്തലാക്കൽ. നിലവിൽ ഗ്രൂപ്പ് ‘ഡി’ തസ്തികയിലുണ്ടായിരുന്നവരെ ഗ്രൂപ്പ് ‘സി’യിലേക്ക് ഉയർത്താനും മതിയായ യോഗ്യതയില്ലാത്തവർക്ക് ഗ്രേഡ് പേ സ്കെയിൽ നൽകാനും സർക്കാർ ഉത്തരവിട്ടു. ഇതോടെ ഗ്രൂപ്പ് ‘സി’യിലും പുതിയ നിയമനങ്ങൾ ചുരുങ്ങി. കരാർനിയമനങ്ങളും വ്യാപകമാക്കി.
സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കംനിൽക്കുന്ന വിഭാഗങ്ങൾക്ക് കനത്ത തിരിച്ചടിയായ പരിഷ്കാരത്തെ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു. സിപിഐ എം 20–-ാം പാർടി കോൺഗ്രസ് തസ്തിക നിർത്തലാക്കലിനും നിയമനനിരോധനത്തിനുമെതിരെ പ്രമേയവും പാസാക്കി. എന്നാൽ, കോൺഗ്രസിനൊപ്പം ബിജെപിയും തസ്തിക നിർത്തലാക്കലിനെ അനുകൂലിച്ചു. ‘സർക്കാരിന്റെ വലിപ്പം കുറയ്ക്കുക’ എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ജീവനക്കാരെ പരമാവധി വെട്ടിക്കുറയ്ക്കുകയാണ് മോഡിസർക്കാർ. 10 ലക്ഷത്തോളം തസ്തിക കേന്ദ്രസർവീസിൽ ഒഴിഞ്ഞുകിടക്കുന്നുണ്ട്. രണ്ട് വർഷംമുമ്പ് തൊഴിലില്ലായ്മ ചർച്ചാവിഷയമായപ്പോൾ ‘പക്കോഡ’ വിറ്റാൽ ദിവസം 200രൂപ കിട്ടുമെന്നിരിക്കെ എന്തിനാണ് വേവലാതിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചത്. പിന്നീട് കേന്ദ്രമന്ത്രിമാരും ഈ വാദം ആവർത്തിച്ചു.
Credits National || Deshabhimani Online News https://ift.tt/3jLP080
Comments