യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ചു
കോതമംഗലം > യുഡിഎഫ് ജില്ലാ കൺവീനറും "എന്റെ നാട് കോതമംഗല' ത്തിന്റെ ഉടമയുമായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം കയ്യേറിയ സർക്കാർ ഭൂമി കണ്ടുകെട്ടി. കോതമംഗലം മുനിസിപ്പാലിറ്റി പതിനേഴാം വാർഡിൽ ഷിബുവിന്റെ വീടിനോട് ചേർന്നുള്ള 18 സെന്റ് സർക്കാർ ഭൂമിയാണ് കയ്യേറിയിരുന്നത്. എൽഡിഎഫ് നടത്തിയ സമരങ്ങളുടെയും നിരവധി പരാതികളുടെ യും അടിസ്ഥാനത്തിൽ കയ്യേറ്റഭൂമി അളന്ന് തിരിച്ച് സർക്കാരിലേക്ക് കണ്ട് കെട്ടണമെന്ന് ഹൈക്കോടതി തഹസിൽദാരോട് നിർദേശിച്ച സാഹചര്യത്തിലാണ് ഇന്ന് രാവിലെ പത്തു മണിയോടെ റവന്യൂ, മുനിസിപ്പൽ, പോലീസ് അധികാരികൾ എത്തി ഭൂമി കണ്ടുകെട്ടി മതിൽ പൊളിച്ച് അതിർത്തി തിരിച്ച് ഏറ്റെടുത്തത്.
കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, ഭൂരേഖ തഹസിൽദാർ കെ എം നാസർ, ഡെ പ്യൂട്ടി തഹസിൽദാർമാരായ എം അനിൽ കുമാർ,ഷൈജു പോൾ, പി എം അബ്ദുൾ സലാം, കോതമംഗലം വില്ലേജ് ഓഫീസർ റ്റി എൻ അനിൽ കുമാർ, കോതമംഗലം സി ഐ അനിൽ ബി, എസ് ഐ ശ്യാംകുമാർ, മുനിസിപ്പൽ സെക്രട്ടറി ഇൻ ചാർജ് കെ ഷീബ എന്നിവരടങ്ങിയ സംഘമാണ് ഭൂമി കണ്ടുകെട്ടാൻ എത്തിയത്. കയ്യേറിയ ഭൂമിയുടെ മതിൽ ജെ സി ബി ഉപയോഗിച്ച് മതിൽ പൊളിച്ചു നീക്കിയ ശേഷം അതിർത്തി യിൽ കോതമംഗലം നഗരസഭയുടെ ബോർഡും സ്ഥാപിച്ചു. തോട് പുറ ബോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നഗരസഭക്കായതിനാലാണ് നഗരസഭക്ക് ഭൂമി നൽകിയതെന്ന് തഹസിൽദാർ അറിയിച്ചു.
ജില്ലാ സർവയറിൻ്റെ റിപ്പോർട്ട് വൈകിയതാണ് തുടർ നടപടികൾക്ക് തടസ്സം നേരിട്ടതെന്നും, ഉത്തരവ് ലഭിച്ച ഉടൻ ഭൂമി സംരക്ഷണ നിയമപ്രകാരം റവന്യു വകുപ്പ് കയ്യേറ്റഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയെന്നും ലാൻഡ് അസസ്മെൻ്റ് തഹിസിൽദാർ കെ എം നാസർ പറഞ്ഞു. സർക്കാർ ഭൂമി ഏറ്റെടുത്ത റവന്യൂ വകുപ്പിൻ്റെ നടപടി സ്വാഗതം ചെയ്യുന്നതായും ബുധനാഴ്ച വൈകിട്ട് അഞ്ചിന് മുൻസിപ്പൽ ഓഫീസിന് മുന്നിൽ സർക്കാരിനും റവന്യൂ അധികൃതർക്കും അഭിവാദ്യമർപ്പിച്ച് യോഗം നടക്കുമെന്നും എൽഡിഎഫ് കൺവീനർ ആർ അനിൽ കുമാർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3th235A
Comments