കത്വ കേസിന്‌ ഒരുരൂപ ലഭിച്ചിട്ടില്ല: അഡ്വ. ദീപിക സിങ്‌ ; യൂത്ത്‌ലീഗ്‌ വാദം പൊളിഞ്ഞു


ന്യൂഡൽഹി
കത്വ കേസ് നടത്തിപ്പിന് ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്ന് നിയമപോരാട്ടം നയിച്ച അഭിഭാഷക ദീപിക സിങ് റജാവത്ത് വ്യക്തമാക്കി. കേസിന്റെ വിചാരണയും ഇതര നടപടികളും നടത്തിയത് പ്രോസിക്യൂഷനാണെന്നും സ്വകാര്യ അഭിഭാഷകർക്ക് ഇതിൽ പങ്കൊന്നുമില്ലെന്നും ദീപിക ‘ദേശാഭിമാനി’യോട് പറഞ്ഞു. കേസ് നടത്തിപ്പിന് ലക്ഷങ്ങൾ ചെലവിട്ടുവെന്ന യൂത്ത് ലീഗിന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞു.

കത്വ കേസിന്റെ വിചാരണയിൽ ഇരയുടെ കുടുംബത്തിനുവേണ്ടി ഹാജരായെന്ന് അവകാശപ്പെട്ട് മുബീൻ ഫാറൂഖി എന്ന അഭിഭാഷകനെ യൂത്ത് ലീഗ് ഹാജരാക്കിയിരുന്നു. കേസ് നടത്തിപ്പിന് 9.36 ലക്ഷം രൂപ ചെലവിട്ടുവെന്നും ഇരയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നുമാണ് യൂത്ത് ലീഗ് അവകാശപ്പെട്ടത്.

കത്വ കേസിൽ വിചാരണ ജമ്മു–-കശ്മീരിനു പുറത്തുനടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയത് ദീപിക സിങ് റജാവത്താണ്. കേരളത്തിൽനിന്ന് ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്ന് ദീപിക വ്യക്തമാക്കി. കേരളത്തിൽ പണപ്പിരിവ് നടന്നുവെന്നത് ആശ്ചര്യജനകമാണ്. ഇരയുടെ രക്ഷിതാക്കൾക്കുവേണ്ടിയും പണം സ്വീകരിച്ചിട്ടില്ല. ഇരയുടെ രക്ഷിതാക്കൾക്കൊപ്പം നിലകൊണ്ടത് ആരിൽനിന്നും പണം വാങ്ങാതെയാണ്. കേസ് വിസ്താരത്തിലോ മൊഴി എടുത്തതിലോ സ്വകാര്യ അഭിഭാഷകർക്ക് പങ്കില്ല. മുബീൻ ഫാറൂഖിയുടെ അവകാശവാദം ശരിയല്ല– -ദീപിക പറഞ്ഞു.

ജമ്മു–-കശ്മീരിൽ ബിജെപി–-പിഡിപി സർക്കാർ അധികാരത്തിലുള്ളപ്പോഴാ ണ് കത്വയിൽ എട്ടുവയസ്സുകാരി ക്ഷേത്രത്തിൽവച്ച് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഘപരിവാർ ബന്ധമുള്ള പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും അന്ന് എംഎൽഎയുമായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമി ഈ വിഷയം സഭയിൽ ഉയർത്തിയതോടെ കേസ് സജീവമായി. പ്രതികളെ പിന്തുണച്ച രണ്ട് ബിജെപി മന്ത്രിമാർ രാജിവയ്ക്കേണ്ടിവന്നു. വിചാരണ കോടതി ആറു പ്രതികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ദീപികയെ തെറ്റിദ്ധരിപ്പിച്ചതെന്ന് യൂത്ത്ലീഗ്
കത്വ കേസിൽ അഡ്വ. മുബീൻ ഫാറൂഖിക്കെതിരെ അടിസ്ഥാനമില്ലാത്ത ആക്ഷേപമാണ് ഉന്നയിക്കുന്നതെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ. ദീപികാസിങ് രജാവത്താണ് അഡ്വ. മുബീൻ ഫാറൂഖിയെ കത്വകേസ് ഏൽപ്പിച്ചത്. ഇരയുടെ പിതാവ് ആവശ്യപ്പെട്ട പ്രകാരമാണിത്, ദീപികയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും സുബൈർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ദീപികയുടേതെന്ന് അവകാശപ്പെട്ട് ശബ്ദരേഖയും പുറത്തുവിട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/39Ud994

Comments

Archive

Contact Form

Send