സോളമാ, നീ ഉത്തമനാകുന്നു
കൊല്ലം > സോളമന്റെ ‘സോളോ ഡൈവിങ്ങി’ൽ രക്ഷപ്പെട്ടത് യുവാവിന്റെ വിലപ്പെട്ട ജീവൻ. കൊല്ലം ബൈപാസിൽ മങ്ങാട് പാലത്തിലൂടെ കാറിൽ പോകവേ കണ്ണൂർ സ്വദേശി സോളമൻ ജോസഫ് എന്ന വിദ്യാർഥി പാലത്തിനു താഴെ കായലിൽ ജീവനുവേണ്ടി പിടയുന്ന യുവാവിനെക്കണ്ട് താഴേക്കു ചാടുകയായിരുന്നു. നാട്ടിൽ പുഴയിലും കുളത്തിലും നീന്തിക്കുളിച്ച പരിചയം മാത്രമുള്ള സോളമൻ വെള്ളത്തിൽ കൈകളുയർത്തി രക്ഷയ്ക്കായി യാചിക്കുന്ന യുവാവിനെ കണ്ടപ്പോൾ കായലിന്റെ ആഴത്തെക്കുറിച്ചൊന്നും ചിന്തിച്ചില്ല.
എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നാട്ടുകാരെയാകെ അത്ഭുതപ്പെടുത്തി സോളമൻ പാലത്തിൽ നിന്ന് 60 അടിയോളം താഴ്ചയിൽ കായലിലേക്ക് ചാടി. അഷ്ടമുടിക്കായലിന്റെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്ന തേവലക്കര സ്വദേശി സുധിനെയാണ് സോളമൻ സാഹസികമായി ജീവിതത്തിലേക്ക് എടുത്തുകയറ്റിയത്. ലോറിത്തൊഴിലാളികൾ എറിഞ്ഞുകൊടുത്ത വടംകൊണ്ട് സുധിന്റെ ശരീരത്തിൽ ചുറ്റിയ ശേഷം പ്രദേശവാസി എത്തിച്ച വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ചു.
മംഗലാപുരത്ത് ഫിസിയോതെറാപ്പിയിൽ ഇന്റേൺഷിപ് ചെയ്യുന്ന 23കാരനായ സോളമൻ സുഹൃത്തിന്റെ ചേട്ടന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച കൊട്ടാരക്കര വന്നതാണ്. രാവിലെ കരുനാഗപ്പള്ളി അമൃത കോളേജിൽ പഠിക്കുന്ന മറ്റൊരു സുഹൃത്തിനെക്കണ്ട് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
കണ്ണൂർ ആലക്കോടിന് സമീപം തേർത്തല്ലിയിൽ കുറുപ്പൻപറമ്പിൽ അപ്പച്ചന്റെയും സിനിജോസഫിന്റെയും മകനാണ്. സൂസൻ, ബെഞ്ചമിൻ എന്നിവർ സഹോദരങ്ങൾ.
Credits Kerala || Deshabhimani Online News https://ift.tt/36WaKc0
Comments