നാല് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് അരലക്ഷം കർഷകർ; എ എം ആരിഫ് എം.പിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി
ന്യൂഡൽഹി > മോഡി ഭരണത്തിൽ 2015 മുതല്‍ 2019 വരെയുള്ള നാലുവര്‍ഷ കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് അരലക്ഷത്തിലധികം കര്‍ഷകര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് ലോക്സഭയില്‍ എ എം ആരിഫ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കണക്കുകള്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ ആകെ 58,783 കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.
2017ല്‍ 12,602 കര്‍ഷകരാണ് വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയതെങ്കില്‍ 2019 ല്‍ 10,281 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2018ല്‍ ഈ കണക്ക് 11,379 ആയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യയുണ്ടായതെന്ന് കേന്ദ്രസർക്കാർ പറയുന്നു.
എ എം ആരിഫ് എംപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
പാർലമെന്റംഗമായതിനു ശേഷം ഏറ്റവും ദു:ഖകരമായ ഒരു അനുഭവത്തിലൂടെ കടന്നു പോയ ദിവസത്തെക്കുറിച്ച് നിങ്ങളോട് പറയണമെന്നു കരുതുകയാണ്. ആലപ്പുഴക്കാരനായ എനിക്ക് എന്റെ ജീവിതമെന്നാൽ കൃഷിയും കർഷകത്തൊഴിലുമായി നിരന്തരം ബന്ധപ്പെട്ടതാണ്. ഇത്രകാലത്തെ പൊതുജീവിതത്തിൽ ഏറെ അറിഞ്ഞതും കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പ്രശ്നങ്ങളും ജീവിതവുമാണ്.
ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ എത്ര കർഷകർ ആത്മഹത്യചെയ്തു എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ പാർലമെന്റിൽ എനിക്കു തന്ന മറുപടിയാണ് നമ്മുടെ ഓരോരുത്തരുടേയും ഉറക്കം കളയിക്കും വിധം ദുരന്ത സൂചകമായിട്ടുള്ളത്.
2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 58783 ആണത്രെ.
അതായത് ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഏകദേശം രണ്ടു കർഷകർ ആത്മഹത്യ കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി ചെയ്യുന്നുവെന്നാണ് ഒരുളുപ്പുമില്ലാതെ നിവർന്നു നിന്ന് 2014 മുതൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്രമന്ത്രി പറഞ്ഞത്. അതും ബിജെപി കാലങ്ങളായി ഭരിച്ച മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആണത്ര ഏറ്റവുമധികം.
ഒരുവർഷം മുഴുവൻ പണിയെടുത്തതിന്റെ വിളവിന് വിലകിട്ടാതെ കടം കയറി ആത്മഹത്യ ചെയ്യുന്ന ദരിദ്ര കർഷകനെ കാണാതെ എന്തു വികസനമാണ് മനുഷ്യരേ നിങ്ങൾ കൊണ്ടുവരുന്നത്. ആർക്കു വേണ്ടിയാണ് നിങ്ങൾ ഭരിക്കുന്നത്.
ദില്ലിയിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള കർഷകരുടെ പോരാട്ടം തുടരുകയാണ്. അവർക്കൊഷമാണ് ഞാൻ. ഇതു വായിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ. രാജ്യത്തിന്റെ നട്ടെല്ലാണവർ. അവർക്കൊപ്പം നിൽക്കാൻ ഒരു നിമിഷം പോലും നാം വൈകികൂടാ..
Credits National || Deshabhimani Online News https://ift.tt/3rmatqM
Comments