ഗുരുവായൂർ സത്യഗ്രഹസ്‌മാരകം; മന്നത്തിന്റെ പേര്‌ ഒഴിവാക്കിയിട്ടില്ല

​ഗുരുവായൂർ > ഗുരുവായൂർ സത്യഗ്രഹ സ്മാരകത്തിൽനിന്ന് സംസ്ഥാന സർക്കാർ മന്നത്ത് പത്മനാഭന്റെ പേർ ഒഴിവാക്കി എന്ന പ്രചാരണം വസ്തുതാവിരുദ്ധം. ഗുരുവായൂർ സത്യഗ്രഹത്തിന് സ്മാരകം നിർമിച്ചത് സംസ്ഥാന സർക്കാരല്ല, ഗുരുവായൂർ നഗരസഭയാണ്. വിവിധ ഘട്ടങ്ങളിലായി സത്യഗ്രഹ സ്മാരകസമുച്ചയം നിർമിക്കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

നിർമാണത്തിന്റെ ആദ്യ പടിയായി രണ്ടുകവാടങ്ങളും സ്റ്റേജും മാത്രമേ നിർമിച്ചിട്ടുള്ളൂ. സ്റ്റേജിന് സത്യഗ്രഹ സ്മാരക സ്റ്റേജ് എന്നും രണ്ടു കവാടങ്ങൾക്ക് എ കെ ജി ,കെ കേളപ്പൻ എന്നിവരുടെ പേരുകളുമാണ് നൽകിയത്. പി കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് തുടങ്ങിയ സത്യഗ്രഹ പോരാളികളുടെ പേരിലുള്ള സ്മാരകങ്ങൾ നിർമിക്കാനിരിക്കുന്നതേയുള്ളൂ. ഇക്കാര്യങ്ങൾ അവഗണിച്ചാണ് സത്യഗ്രഹ സ്മാരകത്തിൽ നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയെന്ന പ്രചാരണം.

ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ചാണ് ഗുരുവായൂർ സത്യഗ്രഹ സ്മാരകത്തിൽ നിന്ന് മന്നത്തെ സർക്കാർ പുറത്തു നിർത്തുവെന്ന് ആരോപിച്ച് മലയാള മനോരമ ശനിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചത്. സ്മാരകത്തിന്റെ മറവിൽ സംസ്ഥാന സർക്കാരിനെ ആക്രമിക്കുകയാണ് മനോരമയുടെ ലക്ഷ്യം. മന്നം സമാധി ദിനത്തിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച അനുസ്മരണ ലേഖനം വിവാദമാക്കാനും ശ്രമമുണ്ടായി. മന്നത്തു പത്മനാഭനെക്കുറിച്ച് ദേശാഭിമാനി ലേഖനം പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമല്ല.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, ഡോ. വി കാർത്തികേയൻ നായർ തുടങ്ങിയവർ മന്നത്തെ അനുസ്മരിച്ച് ദേശാഭിമാനിയിൽ ലേഖനമെഴുതിയിട്ടുണ്ട്. ഗുരുവായൂർ സത്യഗ്രഹത്തിൽ മന്നത്ത് പത്മനാഭന്റെ പങ്കിനെ കുറച്ചുകാണാനോ, ഒഴിവാക്കാനോ സ്മാരക നിർമാണത്തിന്റെ ഒരുഘട്ടത്തിലും ശ്രമിച്ചിട്ടില്ലെന്ന് നഗരസഭാവൃത്തങ്ങൾ വ്യക്തമാക്കി. ഒറ്റത്തവണയായി സ്മാരകം നിർമിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താൻ ന​ഗരസഭക്ക് ഒറ്റയ്ക്ക് സാധിക്കില്ല എന്നതുകൊണ്ടാണ് ഘട്ടം ഘട്ടമായി നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചത്. ഇനി പൂർത്തിയാകാനുള്ള ഘട്ടങ്ങളിൽ മന്നം ഉൾപ്പെടെയുള്ള പോരാളികളുടെ സ്മാരകവും ഉയരും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ktPeAY

Comments

Archive

Contact Form

Send