സ്തംഭിച്ചു; ഇടതുമുന്നണി ഹര്‍ത്താല്‍ പൂര്‍ണം
കൊല്‍ക്കത്ത
വിദ്യാർഥികളെയും യുവജനങ്ങളെയും തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ആഹ്വാനം ചെയ്ത ബംഗാൾ ഹര്‍ത്താല്‍ പൂര്‍ണം. ബംഗാള്‍ ജനത സ്വമേധയ ഹര്‍ത്താല്‍ ഏറ്റെടുത്തു. ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് തസ്തികയിലേക്ക് നിയമനം നടത്തണമെന്നും നിയമനഅഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിലേക്ക് മാർച്ച് ചെയ്ത ഇടതുവിദ്യാര്‍ഥി-, യുവജനപ്രവര്ത്തകർക്കാണ് ക്രൂരമര്‍ദനമേറ്റത്. യുവലക്ഷങ്ങളുടെ ന്യായമായ ആവശ്യം മാനിക്കാതെ തല്ലിയൊതുക്കാൻ ശ്രമിച്ച മമതസര്‍ക്കാരിനെതിരെ വന്‍ ജനരോഷമുയര്‍ന്നു.
പൊലീസിന്റെയും തൃണമൂല്‍ സംഘത്തിന്റെയും ഭീഷണിയും അക്രമവും ചെറുത്താണ് കൊല്‍ക്കത്തയിലും മറ്റ് ജില്ലകളിലും നാട്ടുകാര്‍ സംഘടിതമായി ഹര്‍ത്താലിനെ അനുകൂലിച്ച് രംഗത്തുവന്നത്. തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും വിവിധ മേഖലകളിലെ ജീവനക്കാരും യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹര്‍ത്താലില്‍ അണിചേര്‍ന്നു. ഹർത്താലില്‍ പങ്കെടുക്കുന്ന സംസ്ഥാന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് മമത സര്‍ക്കാര്‍ ഭീഷണിമുഴക്കിയെങ്കിലും ജീവനക്കാരും വന്‍തോതില്‍ അണിചേര്‍ന്നു.
വിവിധ സ്ഥലങ്ങളില്‍ പൊലീസും തൃണമൂലുകാരും അക്രമം അഴിച്ചുവിട്ടു. നിരവധിപേർക്ക് പരിക്കുപറ്റി. റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത നിരവധി പേരെ അറസ്റ്റ്ചെയ്തു. കൊല്‍ക്കത്തയില്‍ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. പൊലീസ് അകമ്പടിയോടെ ബസ് സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. വിവിധ നഗരങ്ങളിലായി നൂറുകണക്കിന് ഇടതുപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോവിഡ് അടച്ചിടലിനുശേഷം ബംഗാളില്‍ ആദ്യമായി സ്കൂൾ വെള്ളിയാഴ്ച തുറക്കാൻ നിശ്ചയിച്ചെങ്കിലും മിക്ക സ്കൂളും പ്രവര്‍ത്തിച്ചില്ല.
വ്യാപകമായ അക്രമം ചെറുത്ത് ഹർത്താല്‍ വൻ വിജയമാക്കിയ ബംഗാള്ജനതയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം അഭിനന്ദിച്ചു. ഒരു ഗവണ്മന്റ് വിരുദ്ധ സമരത്തിലും പങ്കെടുക്കാത്തവര്‍ സമരത്തെ പിന്തുണച്ചെത്തിയെന്ന് സലിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള വിവിധ ജനാധിപത്യകക്ഷികളും ഹര്‍ത്താലിന് പൂർണ പിന്തുണ നല്കി. യുവാക്കളെ നിഷ്ഠുരമായി തല്ലിച്ചതച്ച പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് പ്രമുഖ കലാ സാംസ്കാരിക നായകരും രംഗത്തെത്തി.
Credits National || Deshabhimani Online News https://ift.tt/2N0o6xb
Comments