പരിമിതികൾക്കിടയിലും കേരളം ബദൽ നടപ്പാക്കുന്നു : പി രാജീവ്
തിരുവനന്തപുരം
പരിമിതികൾക്കിടയിലും ബദൽ സംവിധാനങ്ങളെ എങ്ങനെ പ്രയോഗവൽക്കരിക്കാമെന്ന് തുടർച്ചയായി തെളിയിച്ച സംസ്ഥാനമാണ് കേരളമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്. ഫ്രീ സോഫ്റ്റ്വെയർ അടക്കമുള്ള സൗകര്യങ്ങളും ഐടി അറ്റ് സ്കൂൾ വഴി നടക്കുന്ന പ്രവർത്തനങ്ങളും ഇതിനുദാഹരണമാണ്. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യൂത്ത് സമ്മിറ്റിൽ "വികസനം, ശാസ്ത്രം, സാങ്കേതിക വിദ്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിടവിനെ ഭേദിക്കാനുള്ള സംസ്ഥാനത്തിന്റെ മറ്റൊരു ബദലാണ് കെ ഫോൺ പദ്ധതിയെന്നും പി രാജീവ് പറഞ്ഞു.കോവിഡ് അടച്ചുപൂട്ടൽ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. ജീവിതത്തിലെ സ്വകാര്യ ഇടമായിരുന്ന വീട് ഇപ്പോൾ പൊതു ഇടമാണ്. തൊഴിലിടമായും സ്കൂളായും സമരകേന്ദ്രമായും സിനിമാ തിയറ്ററായുമൊക്കെ വീടുകൾമാറി. ഇവയൊക്കെയാണ് സാങ്കേതികവിദ്യയുടെ സാധ്യതകൾ. ഇത് വിനിയോഗിക്കുന്നതെങ്ങനെ എന്നതും പ്രധാനപ്പെട്ടതാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം മാനവരാശിയുടെ പൊതുതാൽപ്പര്യങ്ങൾക്ക് വിനിയോഗിക്കാനാകുമോ എന്നും ചർച്ച ചെയ്യപ്പെടണം.
മനുഷ്യന്റെ ജീവിതനിലവാരമുയർത്തുന്ന കണ്ടുപിടിത്തങ്ങളുടെ യന്ത്രങ്ങളായി എങ്ങനെ സർവകലാശാലകളെ മാറ്റാൻ കഴിയുമെന്നും ഗവേഷണങ്ങളെ പൊതുസമൂഹ താൽപ്പര്യവുമായി എങ്ങനെ ബന്ധപ്പെടുത്താൻ കഴിയുമെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും രാജീവ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/37UWalM
Comments