നാടൊന്നിച്ചു; തുടരണം ഈ കരുതല്‍; ആവേശത്തിരകളായി ജാഥകള്‍

തൃശൂര് / തിരുവനന്തപുരം > ഏതു കാലത്തും കരുതലോടെ ചേര്ത്തുനിര്ത്തിയ സര്ക്കാരിന്റെ തുടര്ച്ചയ്ക്ക് നാടൊന്നിക്കുന്ന കാഴ്ചയാണ് എല്ഡിഎഫ് ജാഥകളുടെ പ്രയാണ വഴികളിലുടനീളം ദൃശ്യമായത്. 'നവകേരള സൃഷ്ടിക്കായി വീണ്ടും എല്ഡിഎഫ്' എന്ന മുദ്രാവാക്യമുയര്ത്തി എല്ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച തെക്കന്, വടക്കന് മേഖലാ ജാഥകള് ആവേശത്തിരകളുയര്ത്തി വെള്ളിയാഴ്ച സമാപിക്കും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് നയിക്കുന്ന വടക്കന് മേഖലാ ജാഥ വ്യാഴാഴ്ച തൃശൂര് ജില്ലയില് പര്യടനമാരംഭിച്ചു. പാലക്കാട് പര്യടനത്തിനുശേഷം ജാഥയെ വ്യാഴാഴ്ച രാവിലെ ജില്ലാ അതിര്ത്തിയായ പഴയന്നൂര് പ്ലാഴിയില് വരവേറ്റു. ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആദ്യസ്വീകരണ കേന്ദ്രമായ ചേലക്കരയിലേക്ക്. തുടര്ന്ന് വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂര് എന്നിവിടങ്ങളിലെ സ്വീകരണം. കയ്പമംഗലം, നാട്ടിക മണ്ഡലങ്ങള് സംയുക്തമായി സ്വീകരിച്ച വലപ്പാട് ചന്തപ്പടിയില് സമാപനം. ജാഥാംഗങ്ങളായ കെ പി രാജേന്ദ്രന്, അഡ്വ. പി സതീദേവി , പി ടി ജോസ്, കെ ലോഹ്യ, പി കെ രാജന് , യു ബാബു ഗോപിനാഥ്, കെ പി മോഹനന്, ജോസ് ചെമ്പേരി, കാസീം ഇരിക്കൂര്, ബിനോയ് ജോസഫ്, അഡ്വ. എ ജെ ജോസഫ് എന്നിവര് വിവിധ കേന്ദ്രങ്ങളില് സംസാരിച്ചു.

വെള്ളിയാഴ്ച രാവിലെ കൊടുങ്ങല്ലൂര് മണ്ഡലത്തിലെ മാള ടൗണ്, ചാലക്കുടി സൗത്ത്, ഇരിങ്ങാലക്കുട പൂതംകുളം മൈതാനം, പുതുക്കാട് സെന്റര് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തൃശൂര് തേക്കിന്കാട് മൈതാനിയില് സമാപിക്കും. തൃശൂര്, ഒല്ലൂര്, മണലൂര് മണ്ഡലങ്ങള് സംയുക്തമായി സംഘടിപ്പിക്കുന്ന സമാപനസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്പിള്ള ഉദ്ഘാടനം ചെയ്യും.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന തെക്കന് മേഖലാ ജാഥ വ്യാഴാഴ്ച കഴക്കൂട്ടം മണ്ഡലത്തിലെ ശ്രീകാര്യത്ത് പര്യടനം ആരംഭിച്ചു. തുടര്ന്ന്, വീറുറ്റ സ്മരണകളുറങ്ങുന്ന കല്ലറയിലേക്ക്. ശേഷം മലയോര മേഖലയിലേക്ക് കടന്നു. നെടുമങ്ങാട്, അരുവിക്കര മണ്ഡലത്തിലെ ആര്യനാട്ടെ സ്വീകരണത്തിനുശേഷം കാട്ടാക്കടയിലെ മലയിന്കീഴില് സമാപിച്ചു. ജാഥാംഗങ്ങളായ എം വി ഗോവിന്ദന്, അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടന് എംപി, സാബു ജോര്ജ്, വര്ക്കല ബി രവികുമാര്, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രന്പിള്ള, എം വി മാണി, അബ്ദുള് വഹാബ്, ഷാജി കടമല, ജോര്ജ് അഗസ്റ്റിന് എന്നിവര് സംസാരിച്ചു.

വെള്ളിയാഴ്ച രാവിലെ 10ന് പാറശാല വെള്ളറടയില്നിന്ന് പര്യടനം ആരംഭിക്കും. തുടര്ന്ന് നെയ്യാറ്റിന്കര, കോവളം മണ്ഡലത്തിലെ വിഴിഞ്ഞം എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് 5ന് തിരുവനന്തപുരം നായനാര് പാര്ക്കില് സമാപിക്കും. തിരുവനന്തപുരം, വട്ടിയൂര്ക്കാവ്, നേമം മണ്ഡലങ്ങള് കേന്ദ്രീകരിച്ചാണ് സ്വീകരണം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dQ01nJ

Comments

Archive

Contact Form

Send