അതിവേഗ സ്വകാര്യവത്കരണത്തിനെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറെടുക്കുക: എളമരം കരീം
കൊച്ചി > രാജ്യത്തെ തന്ത്രപ്രധാന പൊതുമേഖലയുൾപ്പടെ കേന്ദ്ര സർക്കാർ അതിവേഗതയിൽ വൻകിട കുത്തകകൾക്ക് കൈമാറുകയാണ്. ഇതിനെതിരെ എല്ലാ തൊഴിലാളി സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കണമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആഹ്വാനം ചെയ്തു.
അടുത്തിടെ കൽക്കരി മേഖലയിലും ഓർഡിനൻസ് ഫാക്ടറിയിലും കിഴക്കൻ ഉത്തർപ്രദേശിലെ വൈദ്യുതി മേഖലയിലും തൊഴിലാളികളുടെ അത്തരം യോജിച്ച പോരാട്ടംആ മേഖലകളിലെ സ്വകാര്യവത്ക്കരണ പ്രക്രിയയെ ഒരളവുവരെ പിടിച്ചു നിറുത്തി. രണ്ട് പൊതുമേഖലാ ബാങ്കുകളെ ഉടൻ സ്വകാര്യവത്ക്കരിക്കുമെന്ന് ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. വൻകിട കുത്തുകൾക്ക് തന്നെ ബാങ്കിംഗ് ലൈസൻസ് നൽകാനുള്ള നടപടിയുമായി റിസർവ്വ് ബാങ്കും മുന്നോട്ടു പോവുകയാണ്.2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ധന മേഖലയെ ഏറെ ബാധിക്കാതിരുന്നത് പൊതുമേഖലാ ബാങ്കുകളുടെ സാന്നിധ്യമാണ് എന്ന് അന്നത്തെ ധനകാര്യ മന്ത്രി പറഞ്ഞത് ഈ ഘട്ടത്തിൽ അധികാരികൾ ഓർക്കണം. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്ക്കാരങ്ങൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം.
വെബിനാറിൽ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ്, ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി രാധാകൃഷ്ണൻ, DYFI കേന്ദ്ര കമ്മിറ്റി അംഗം നിധിൻ കണിച്ചേരി, എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എൻ അരുൺ, യൂത്ത് കോൺഗ്രസ് കമ്മിറ്റി അംഗം ജോസഫ് മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. ബെഫി അഖിലേന്ത്യാ പ്രസിഡൻ്റ് സി ജെ നന്ദകുമാർ മോഡറേറ്ററായി. ജനറൽ സെക്രട്ടറി എസ് എസ് അനിൽ സ്വാഗതവും പരിപാടിയുടെ കൺവീനർ ബെഫി സംസ്ഥാന വൈസ് പ്രസിഡണ്ട് സജി ഓ വർഗ്ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.
Credits Kerala || Deshabhimani Online News https://ift.tt/3oZx8Yd
Comments