മതവെറിയുടെ രാഷ്ട്രീയം വേണ്ട; ആര്‍എസ്എസ്, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചവര്‍ക്ക് സിപിഐ എമ്മിന്റെ സ്വീകരണം
പന്തളം> മതവെറിയുടെ രാഷ്ട്രീയത്തെയും ജനവിരുദ്ധതയേയും തള്ളിപ്പറഞ്ഞ് ചെങ്കൊടിപ്പാളയത്തിലേക്ക് വന്നവരെ പന്തളത്തിന്റെ ജനമനസ്സുകള് ഒന്നടങ്കം വരവേറ്റു. മാനവികതയ്ക്കും സമത്വത്തിനും വേണ്ടി പോരാടുന്ന സിപിഐ എമ്മിന്റെ കൊടിക്കീഴില് അവര് അണിനിരന്നു.

അയ്യപ്പ ധര്മ സംരക്ഷണസമിതി ചെയര്മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറടക്കം പന്തളത്തെ ബിജെപിയുടെ നേതൃനിരയൊന്നാകെയാണ് രാജിവച്ചുവന്നത്. സ്വീകരണയോഗം പാര്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് ഉദ്ഘാടനംചെയ്തു. ബിഎംഎസ് മേഖല ജോ. സെക്രട്ടറി എം സി സദാശിവന്, ബിജെപി മുനിസിപ്പല് കമ്മിറ്റി വൈസ് പ്രസിഡന്റ് എം ആര് മനോജ് കുമാര്, ബാലഗോകുലം മുന് താലൂക്ക് സെക്രട്ടറി അജയകുമാര് വാളാകോട്ട്, മുന്സിപ്പല് കമ്മിറ്റി മുന് വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോര്ച്ച ആറന്മുള നിയോജമണ്ഡലം സെക്രട്ടറി ശ്രീലത, വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി ബാലമുരളി എന്നിവരടക്കം 30 ല് അധികം ബിജെപി നേതാക്കളും പ്രവര്ത്തകരുമാണ് സ്വീകരണം ഏറ്റുവാങ്ങിയത്.

പത്തനംതിട്ട ഡിസിസി അംഗവും മുന് പഞ്ചായത്തംഗവുമായ വി ടി ബാബു, കര്ഷക കോണ്ഗ്രസ് അടൂര് മണ്ഡലം പ്രസിഡന്റ് പന്തളം വിജയന്, കേരള കോണ്ഗ്രസ് അടൂര് മണ്ഡലം പ്രസിഡന്റ് ഇടിക്കുള വര്ഗീസ് എന്നിവരടക്കം 25 ല് അധികം കോണ്ഗ്രസ് നേതാക്കളെയും പ്രവര്ത്തകരെയും യോഗത്തില് സ്വീകരിച്ചു.

Credits Kerala || Deshabhimani Online News https://ift.tt/2Z75fmv
Comments