“അംമര ഏഗോബയ്, ഏഗോബയ് മാനുഷ്കെ ഷംങ്കേ നിയേ” ; ബ്രിഗേഡില്‍ അലയടിച്ചു ബംഗാളിന്റെ മനസ്സ്
കൊല്ക്കത്ത> വംഗ മണ്ണിന്റെ വിപ്ലവവീര്യവും ജനാധിപത്യ മതേതരപാരമ്പര്യവും വീണ്ടും ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനവുമായി കൊല്ക്കത്തയിലെ ചരിത്രപ്രസിദ്ധവും അതിവിശാലവുമായ ബ്രിഗേഡ് പരേഡ് മൈതാനിയില് ജനലക്ഷങ്ങളുടെ മഹാജനകീയ റാലി. ഇടതുപക്ഷം ബംഗാളില്‍ തകരാന് സ്വപ്നംനെയ്യുന്നവരുടെ മനക്കോട്ട തകര്ക്കുന്ന മനുഷ്യ മഹാപ്രവാഹത്തിനാണ് മഹാനഗരി സാക്ഷ്യംവഹിച്ചത്.
സമീപകാലത്ത് ബംഗാള്‍ ദര്ശിച്ചിട്ടില്ലാത്ത വന് ജനകീയ മുന്നേറ്റത്തോടെ ഇടതുപക്ഷ മതേതര സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വലതുടക്കം. ഇടതുമുന്നണിയുടെയും മറ്റ് ജനാധിപത്യ മതേതര കക്ഷികളുടെയും കൂട്ടായ്മയായ സംയുക്ത മോർച്ചയുടെ ആഹ്വാനപ്രകാരം ബംഗാളിന്റെ നഗരഗ്രാമാന്തരങ്ങളില്നിന്ന് പതിനായിരക്കണക്കിന് സ്ത്രീകളടക്കം ബ്രിഗേഡിലേക്ക് ഒഴുകി. ഞങ്ങളാണ് ബദല്, ഞങ്ങളാണ് മതനിരപേക്ഷകര്, ഞങ്ങളാണ് ഭാവി എന്ന് ആലേഖനംചെയ്ത വേദിയാണ് ബ്രിഗേഡില്‍ ഒരുക്കിയത്. ജാതിമത വ്യത്യാസമില്ലാതെ ബംഗാളിലെ എല്ലാവിഭാഗം ജനങ്ങളും മാറ്റത്തിന്റെ കാഹളം നെഞ്ചേറ്റി ഒത്തുചേരുന്നതാണ് റാലിയില് പ്രകടമായത്.
“അംമര ഏഗോബയ്, ഏഗോബയ് മാനുഷ്കെ ഷംങ്കേ നിയേ” (ഞങ്ങൾ മുന്നേറും, ജനതയോടൊപ്പം മുന്നേറും) എന്ന മുദ്രാവാക്യം ഒറ്റ സ്വരത്തില് ജനലക്ഷങ്ങളുടെ കണ്ഠത്തില് നിന്നുയര്ന്നു.
വർഗീയ ഫാസിസ്റ്റ് ശക്തിയായ ബിജെപിയെ ഒറ്റപ്പെടുത്തി, ജനാധിപത്യ വിരുദ്ധ തൃണമൂലിനെ തൂത്തെറിഞ്ഞ് മതനിരപേക്ഷ ജനാധിപത്യ സർക്കാർ രൂപീകരിക്കാൻ റാലി ആഹ്വാനം ചെയ്തു. തൃണമൂലും ബിജെപിയും ഒരേപോലെ ബംഗാൾ ജനതയുടെ ശത്രുക്കളാണെന്ന് റാലി പ്രഖ്യാപിച്ചു. ബംഗാളിന്റെ വിദൂരമേഖലകളില്നിന്ന് ശനിയാഴ്ചമുതല് ബ്രിഗേഡിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു.
ഞായറാഴ്ച പുലരുംമുമ്പേ കൊൽക്കത്ത നഗരം ജനപ്രവാഹത്താല് വീര്പ്പുമുട്ടി. പകല് ഒന്നിന് റാലി ആരംഭിച്ചശേഷവും പ്രവര്ത്തകര് എത്തിക്കൊണ്ടിരുന്നു. വടക്ക് ഡാർജിലിങ് കുന്നിൻ പ്രദേശത്തിനും തെക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുകിടക്കുന്ന സുന്ദർബൻ തീരദേശംവരെയുമുള്ള സംസ്ഥാനത്തിന്റെ 22 ജില്ലയിൽനിന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലുംപെട്ടവര് മനുഷ്യ മഹാസാഗരമായി അലയടിച്ചു.
ഇടതുമുന്നണി ചെയർമാൻ ബിമന് ബസുവിന്റെ അധ്യക്ഷതയില് ചേര്ന്ന പൊതുസമ്മേളനത്തില് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, പി ബി അംഗം മുഹമ്മദ് സലിം, സിപിഐ ജനറല് സെക്രട്ടറി ഡി രാജ, ബംഗാൾ പിസിസി അധ്യക്ഷനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ അധിർ രഞ്ജൻ ചൗധരി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ചെയർമാൻ അബ്ബാസ് സിദ്ദിക്ക്, ഇടതുമുന്നണി ഘടക കക്ഷി നേതാക്കൾ തുടങ്ങിയവര് സംസാരിച്ചു.
Credits National || Deshabhimani Online News https://ift.tt/3r4ViCx
Comments