യോനോ ക്യാമ്പയിന്: ഒടിപി പങ്കുവയ്ക്കാമെന്ന് എസ്ബിഐ; തട്ടിപ്പിന് ഇടയാക്കുമെന്ന് ആശങ്ക
കണ്ണൂര്‍> യോനോ ക്യാഷ് പ്രചാരണത്തിന് വളഞ്ഞ വഴിയുമായി എസ്ബിഐ. ഇടപാടുകാരില്‍നിന്ന് വണ്‍ടൈം പാസ്വേഡ് (ഒടിപി) ചോദിച്ചറിഞ്ഞ് ബാങ്ക് ജീവനക്കാര്‍ പണം പിന്‍വലിക്കുന്ന ക്യാമ്പയിനാണ് എസ്ബിഐ ആവിഷ്കരിച്ചത്. ക്യാമ്പയിന്റെ ഫൈനല്‍ റൗണ്ടാണ് ബുധനാഴ്ച. ക്യാമ്പയിന് തെരഞ്ഞെടുത്ത രീതി വ്യാപക തട്ടിപ്പിനു വഴിവയ്ക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.
എസ്ബിഐയുടെ ഭുവനേശ്വര്‍, കേരള സര്‍ക്കിളുകള്‍ തമ്മിലുള്ള മത്സരമാണ് യോനോ ക്യാഷ് പ്രചാരണ ക്യാമ്പയിന്റെ ഫൈനലില്‍ നടക്കുന്നത്. ഏറ്റവും കൂടുതല്‍ യോനോ ക്യാഷ് പിന്‍വലിക്കുന്ന സര്ക്കിളാകാനാണ് ഒടിപി നമ്പര്‍ ഷെയര്‍ ചെയ്തുള്ള ക്യാമ്പയിന് കേരള സര്‍ക്കിള്‍ ആസൂത്രണം ചെയ്തത്. ഓരോ ഇടപാടുകാരെക്കൊണ്ടും രണ്ട് യോനോ ഇടപാടുകള്‍ നടത്തിക്കണമെന്നാണ് നിര്‍ദേശം. ഒരു ജീവനക്കാരന് ചുരുങ്ങിയത് പത്തു സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഈ ക്യാമ്പയിനുമായി സഹകരിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനമാണ് എസ്ബിഐയുടെ യോനോ ക്യാഷ്. മൊബൈലില്‍ സ്വയം ഒരു ഒടിപി ജനറേറ്റ് ചെയ്യുകയും ഒരു ഒടിപി യോനോ ആപ് ജനറേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ ഒടിപി ഉപയോഗിച്ചാണ് യോനോ ക്യാഷ് സംവിധാനമുള്ള എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാനാവുക. ഇരുപതിനായിരം രൂപ വരെയാണ് ഒരു ദിവസം യോനോ ക്യാഷ് വഴി പിന്‍വലിക്കാനാവുക.
നേരത്തെ വ്യാപക തട്ടിപ്പുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് രാത്രി എട്ടുമുതല്‍ രാവിലെവരെ എടിഎം വഴിയുള്ള പണമിടപാടുകള്‍ എസ്ബിഐ നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷമാണ് പതിനായിരം രൂപയ്ക്കുമുകളില്‍ പിന്‍വലിക്കുമ്പോള്‍ ഒടിപി നിര്‍ബന്ധമാക്കിയത്. അക്കൗണ്ട് നമ്പറും എടിഎം കാര്‍ഡ് നമ്പറും പിന് നമ്പറും അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട് ബാങ്കുകള്‍. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതടക്കമുള്ള തട്ടിപ്പുകള്‍ തടയുന്നതിനാണിത്. അടുത്തിടെ ഇത്തരം തട്ടിപ്പുകള്‍ കൂടിയതിനാല്‍ പരമാവധി സ്വന്തം ആപ്പുകള്‍ ഉപയോഗിക്കാനും ബാങ്കുകള്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒടിപി നമ്പര്‍ ബാങ്ക് ജീവനക്കാര്‍ തന്നെ ചോദിച്ചുവാങ്ങി പണം പിന്‍വലിക്കുന്നത് ഇടപാടുകാരുടെ ജാഗ്രത കുറയ്ക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.
Credits Kerala || Deshabhimani Online News https://ift.tt/39Eluxq
Comments