‘സാന്ത്വനസ്പർശം’ അദാലത്ത് ഇന്ന് നെയ്യാറ്റിൻകരയിൽ
തിരുവനന്തപുരം
പൊതുജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും അതിവേഗം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വനസ്പർശം അദാലത്തിന് തിങ്കളാഴ്ച തുടക്കം. നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതിന് ആരംഭിക്കും. കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പരാതികളാണ് പരിഗണിക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടിഅമ്മ, ടി എം തോമസ് ഐസക് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. കെ ആൻസലൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. മന്ത്രിതലത്തിൽ തീർപ്പാക്കേണ്ട പരാതിയുണ്ടെങ്കിൽ പരാതിക്കാരെ പ്രത്യേക ടോക്കൺ നൽകി മന്ത്രിമാർ ഇരിക്കുന്ന ഭാഗത്തേക്ക് വിടും.
കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 2421 അപേക്ഷയാണ് തിങ്കളാഴ്ച നടക്കുന്ന അദാലത്തിലേക്ക് ലഭിച്ചിരിക്കുന്നത്. 1455 എണ്ണം നെയ്യാറ്റിൻകര താലൂക്കിലെയും 966 എണ്ണം കാട്ടാക്കട താലൂക്കിലേതുമാണ്.
നേരിട്ടും പരാതികൾ നൽകാം. ഇതിന് പത്ത് പ്രത്യേക കൗണ്ടർ സജ്ജമാക്കി. ഈ പരാതികൾ അദാലത്തിൽ തീർപ്പാക്കാനായില്ലെങ്കിൽ വകുപ്പുതലത്തിൽ അതിവേഗം പരിഹരിച്ച് വിവരം അപേക്ഷകനെ അറിയിക്കും.
Credits Kerala || Deshabhimani Online News https://ift.tt/2ObDpmR
Comments