പശ്ചാത്തല സൗകര്യത്തിൽ വൻകുതിപ്പ് ; സാര്‍ഥകമായി രണ്ടാം 100 ദിന പരിപാടി
തിരുവനന്തപുരം
രണ്ടാം 100 ദിന പരിപാടിയിൽ പശ്ചാത്തല മേഖലയിൽ സാധ്യമായത് പാലാരിവട്ടം പാലം അടക്കം കൈനിറയെ സുപ്രധാന പദ്ധതികള്‍.
ഒന്നാം 100 ദിന പരിപാടിയിൽ സെപ്തംബർ 2020 മുതൽ ഡിസംബർ 9 വരെ 134 പദ്ധതി പൂർത്തീകരിച്ചതോടെയാണ് രണ്ടാംഘട്ടം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ ഡിസംബർ 17നാണ് ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ഫെബ്രുവരി 26 വരെ പൂര്‍ത്തീകരിച്ചത് 72 പദ്ധതി.
കുണ്ടന്നൂർ, വെറ്റില മേൽപ്പാലം, ആലപ്പുഴ ബൈപാസ് എന്നിവയും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി തുറന്നു. 10 റെയിൽവേ മേൽപ്പാല നിർമാണം തുടങ്ങി. 569 കോടി മുടക്കി നവീകരിച്ച 17 പ്രധാന റോഡിൽ ഗതാഗതമാരംഭിച്ചു. 145 കോടിയിൽ ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ നിർമാണത്തിന് തുടക്കമിട്ടു. കെഎസ്ആർടിസി സ്വിഫ്റ്റ് നിലവിൽവന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഗേറ്റ് സമുച്ചയം തുറന്നു. ദേശീയ ജലപാത ആദ്യഘട്ട ഗതാഗതം തുടങ്ങി.
രണ്ടാംഘട്ടം ആരംഭിച്ചു. കൊച്ചി വാട്ടർമെട്രോ പ്രവർത്തനം തുടങ്ങി. ടെക്നോസിറ്റിയിൽ ഒരുലക്ഷം ചതുരശ്രയടി കെട്ടിടം പൂർത്തിയാക്കി. സംയോജിത സ്റ്റാർട്ടപ് സമുച്ചയം. ആറു കോർപറേഷനിൽ വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകളായി.
64 പിഎച്ച്സി കുടുംബാരോഗ്യകേന്ദ്രങ്ങളായി. 32 ആരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യം വർധിപ്പിച്ചു. 56 പ്രധാന ആശുപത്രിയിൽ രോഗീസൗഹൃദ സംവിധാനമായി. 25 കോടിയിൽ 50 സ്കൂളിന്റെയും, 90 കോടിയിൽ 30 സ്കൂളിന്റെയുമടക്കം 80ൽപ്പരം കെട്ടിടം തുറന്നു. മൂന്നുകോടിയും ഒരുകോടിയുംവീതം നിർമാണചെലവുള്ള നൂറിൽപ്പരം സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.13 കോളേജിനും എംജി സർവകലാശാലാ ക്യാമ്പസിലുമായി കിഫ്ബിവഴിയുള്ള 205 കോടി രൂപയുടെ നിർമാണം.
സാങ്കേതിക സർവകലാശാലാ ക്യാമ്പസിന് ശിലയിട്ടു. മൂന്ന് സ്റ്റേഡിയം തുറന്നു. ഒമ്പത് സ്റ്റേഡിയം നിർമാണം തുടങ്ങി.
അമൃത് സ്കീമിലെ 24 പദ്ധതിയായി. 37 നഗരവികസന പദ്ധതിക്ക് തുടക്കമിട്ടു. 50 വഴിയോര വിശ്രമകേന്ദ്രം തുറന്നു. 200 തദ്ദേശ സ്ഥാപനത്തിനുകൂടി ശുചിത്വ പദവി. ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച 2,50,547 വീടിന് ഇൻഷുറൻസായി. 13,320 കുടുംബങ്ങൾക്കുകൂടി പട്ടയം ലഭ്യമാക്കി. 16 വില്ലേജ് ഓഫീസ്കൂടി സ്മാർട്ടാക്കി. വിദ്യാശ്രീ ലാപ്ടോപ് വിതരണം തുടങ്ങി. 500 കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റാൾ പദ്ധതിക്ക് തുടക്കമായി.
ആറ് പ്രധാന ജലവിതരണ പദ്ധതിക്ക് രണ്ടാംഘട്ടവുമായി. വയനാട്ടിലെ തോട്ടം തൊഴിലാളി വീടുകളുടെ നിർമാണം തുടങ്ങി. കുളത്തൂപ്പുഴ പ്ലാന്റേഷൻ തൊഴിലാളികൾക്ക് വീടുകൾ കൈമാറി. മുതിർന്ന പൗരന്മാർക്കായി നവജീവൻ തൊഴിൽ പദ്ധതിയായി. മേനംകുളത്ത് സ്ത്രീ തൊഴിലാളികൾക്കായുള്ള അപ്പാർട്ട്മെന്റ് നിർമാണത്തിൽ. മൂന്ന് മത്സ്യബന്ധന തുറമുഖം കമീഷൻ ചെയ്തു.
ചെത്തി തുറമുഖത്തിന് തറക്കല്ലിട്ടു. 87 തീരദേശ റോഡ് തുറന്നു. പുനർഗേഹത്തിൽ കാരോട്, ബീമാപള്ളി, വലിയതുറ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കി. മറൈൻ ആംബുലൻസ് പ്രവർത്തനക്ഷമമാക്കി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി 3000 പഠനമുറി പൂർത്തിയാക്കി. 1650 ൽപ്പരം പേർക്ക് ഭൂമി വാങ്ങാൻ ധനസഹായം നൽകി.
ടോൾ ഒഴിവാക്കി 569 പാലം
സംസ്ഥാനത്തിന്റെ വികസന കുതിപ്പ് അടയാളപ്പെടുത്തുന്ന പാലങ്ങളെല്ലാം എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത് ടോൾ ഒഴിവാക്കി. സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങൾ നിർമിച്ചത് ഈ സർക്കാരാണ്. നിർമാണം പൂർത്തിയാക്കിയതും നിർമാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നൽകിയതുമുൾപ്പെടെ 569. യുഡിഎഫ് ഭരണത്തിൽ 275 പാലം നിർമിച്ചെന്ന് ഉമ്മൻചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂർത്തിയാക്കിയത് 73 മാത്രം. ബാക്കിയുള്ളവ യാഥാർഥ്യമാക്കിയതും എൽഡിഎഫ് സർക്കാരാണ്.
യുഡിഎഫ് ഭരണത്തിൽ ടോൾ ഏർപ്പെടുത്തിയാണ് പാലങ്ങൾ പണിതത്. എന്നാൽ, ടോൾ ഇല്ലാതെയാണ് എൽഡിഎഫ് കാലത്തെ പാലങ്ങളെല്ലാം യാഥാർഥ്യമാക്കിയത്. 845 കോടി രൂപ ചെലവിൽ 104 പാലം ഇതിനകം നാടിന് സമർപ്പിച്ചു. 1370 കോടിയുടെ 106 പാലം നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. 103 പാലത്തിന്റെ നിർമാണം തുടങ്ങാൻ 934 കോടി രൂപയും അനുവദിച്ചു. കിഫ്ബിയിൽനിന്ന് ഫ്ളൈ ഓവർ, റെയിൽവേ മേൽപ്പാലം, അണ്ടർപാസ് എന്നിവ ഉൾപ്പെടെ 47 നിർമാണ പ്രവർത്തനങ്ങൾക്ക് 2170 കോടി ചെലവഴിച്ചു. പ്രളയത്തിൽ തകർന്ന 42 പാലം പുനർനിർമിക്കാനും തുക ചെലവഴിച്ചു. ഇവയിലൊന്നിലും ടോൾ ഇല്ലെന്ന് ഉറപ്പാക്കി. പാലാരിവട്ടം പാലം പുതുക്കി പണിതതും ടോൾ ഇല്ലാതെ.
ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും എൽഡിഎഫ് സർക്കാർ 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമിച്ചത്. ദേശീയപാത അതോറിറ്റിയിൽനിന്ന് നിർമാണം ഏറ്റെടുത്തതുകൊണ്ട് ടോൾ പിരിവ് ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ് മുൻ യുഡിഎഫ് സർക്കാർ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണിത്.
കോഴിക്കോട് പന്നിയങ്കര റെയിൽവേ മേൽപ്പാലം, എറണാകുളം - ഏരൂർ റെയിൽവേ മേൽപ്പാലം, കോഴിക്കോട് കുഞ്ഞിപ്പള്ളി റെയിൽവേ മേൽപ്പാലം എന്നിവ പൂർത്തിയാക്കിയപ്പോഴും എൽഡിഎഫ് സർക്കാർ ടോൾ ഒഴിവാക്കി. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും (കാസർകോട്) യാഥാര്‍ഥ്യമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3blawhg
Comments