158 ദിനം, 500 തൊഴിലാളി ; അധ്വാനത്തിന്റെ ഉറപ്പുണ്ട് ഈ മേല്‍പ്പാലത്തിന്


കൊച്ചി
പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നതിൽ ചിലർക്ക് അതൃപ്തി. അറ്റകുറ്റപ്പണി നടത്തി പാലം തുറന്നു എന്നാണ് പ്രചാരണം.

വിദഗ്ധസമിതിയുടെയും ഇ ശ്രീധരന്റെയും റിപ്പോർട്ടിനെതിരെയായിരുന്നു ആദ്യ എതിർപ്പ്. മദ്രാസ് ഐഐടിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് പൊളിച്ചുപണിയല്ലാതെ വേറെ വഴിയില്ലെന്ന് വിദഗ്ധർ വിധിയെഴുതിയത്. ഭാരപരിശോധനയില്ലാതെ പാലം പൊളിക്കരുതെന്നായി പിന്നത്തെ മുറവിളി. അതിനായി ഹൈക്കോടതിവരെ പോയി. ഇതിനിടെ യുഡിഎഫും യൂത്ത് കോൺഗ്രസും സമരനാടകങ്ങൾ നടത്തി. പൊളിച്ചുപണിയാൻ സുപ്രീംകോടതി അനുമതി നൽകിയപ്പോൾ കുപ്രചാരകർ വായടച്ചു. യുഡിഎഫ് അഴിമതിയിൽ കെട്ടിപ്പൊക്കിയ പാലത്തിന്റെ 70 ശതമാനവും പൊളിച്ചുനീക്കി പുതിയ പാലമുയർത്തിയത് 158 ദിവസംകൊണ്ട്.

പൊളിഞ്ഞെന്ന് വിധിച്ച് ഐഐടി
പാലം പൊളിഞ്ഞെന്ന് ആദ്യം വിധിയെഴുതിയത് മദ്രാസ് ഐഐടി. സ്ട്രക്ചറൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. പി അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിൽ 2018 ആഗസ്തിലാണ് പഠനം ആരംഭിച്ചത്. 10 ആർസി ഗർഡറുകൾക്കും നാല് ആർസി പിയറുകൾക്കും ഗുരുതരബലക്ഷയം, കോൺക്രീറ്റ് ഗുണനിലവാരമില്ലാത്തത്, ഡിസൈനിലെ പിഴവുമൂലം പാലത്തിന് ഇളക്കവും പൊട്ടലും. 10 കോടി ചെലവിൽ അറ്റകുറ്റപ്പണികളാണ് ഐഐടി നിർദേശിച്ചത്.

പൊളിക്കാൻ നിർദേശിച്ചത്
വിദഗ്ധർ
സർക്കാർ നിർദേശപ്രകാരം ഇ ശ്രീധരനും സ്ട്രക്ചറൽ എൻജിനിയറിങ് വിദഗ്ധൻ മഹേഷ് ഠാണ്ഡനും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തി. ഐഐടി റിപ്പോർട്ടുകൾകൂടി പരിഗണിച്ച് മൂന്നുതവണ പിഴവുകൾ വിലയിരുത്തി. പഴയ പാലത്തിന്റെ 70 ശതമാനം പൊളിച്ചുപണിയാൻ നിർദേശിച്ചു.

തൂണുകളൊഴികെ 
എല്ലാം വീഴ്ത്തി
ആകെയുള്ള 19 തൂണുകളുടെയും പിയർ ക്യാപ് പൊളിച്ചുബലപ്പെടുത്താനും 19 സ്പാനുകളിൽ 17 എണ്ണവും 102 ഗർഡറുകളും സ്ലാബുകളും പൊളിച്ച് പുതിയത് സ്ഥാപിക്കാനും തീരുമാനം. മേൽനോട്ടച്ചുമതല ഡിഎംആർസിക്ക്. കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. 2021 മേയിൽ നിർമാണപൂർത്തീകരണ ലക്ഷ്യത്തോടെ 2020 സെപ്തംബർ 28ന് പാലംപൊളിക്കൽ ആരംഭിച്ചു. കോൺക്രീറ്റ് അവശിഷ്ടം തൃശൂരിൽ ആർബിഡിസികെ നിർമിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനും കളമശേരിയിലെ ഡിഎംആർസി കാസ്റ്റിങ് യാർഡിലെ ഫില്ലിങ്ങിനും.

കൃത്യമായ ആസൂത്രണം, 
നിർവഹണം
നിർമാണം പൂർത്തിയായപ്പോൾ 25 കോടിയോളം ചെലവായി. 750 ടൺ സ്റ്റീലും 1900 ടൺ സിമന്റും ഉപയോഗിച്ചു. അഞ്ഞൂറോളം തൊഴിലാളികൾക്ക് പ്രതിദിനം ജോലി. പൊളിക്കൽ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയായി. നടുവിലെ ഒരു സ്പാനും തൂണുകളുമൊഴികെ എല്ലാം പൊളിച്ചു. ജനുവരി 15നകം ഗർഡർ കാസ്റ്റിങ് തീർന്നു. 30നകം അതെല്ലാം തൂണുകൾക്കുമുകളിൽ സ്ഥാപിച്ചു. ഗർഡറുകൾക്കുമുകളിലെ സ്ലാബ് വാർക്കൽ ഫെബ്രുവരി 10നകം പൂർത്തിയായി. ഫെബ്രുവരി 27ന് ടാറിങ്ങും തുടങ്ങി.

24 മണിക്കൂർ
പാലാരിവട്ടം ബൈപാസ് കവല കഴിഞ്ഞ അഞ്ചുമാസം ഉറങ്ങിയിട്ടില്ല. പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉണർന്നിരുന്നു. ആസൂത്രണം, പ്രതിദിന അവലോകനം, മുടക്കമില്ലാതെ പണം. എല്ലാം തീർന്നപ്പോൾ പഞ്ചവടിപ്പാലത്തിനുപകരം ഉയർന്നത് നൂറുവർഷത്തെ ആയുസ്സുള്ള പുത്തൻപാലം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bpAKPM

Comments

Archive

Contact Form

Send