കാലിക്കറ്റ് സർവകലാശാല: മൂന്ന് വർഷത്തിനുള്ളിൽ വർധിപ്പിച്ചത് 25,000ത്തിലേറെ സീറ്റുകൾ

തേഞ്ഞിപ്പലം> കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ കഴിഞ്ഞ മൂന്ന് അക്കാദമിക് വർഷത്തിനുള്ളിൽ വർധിപ്പിച്ചത് 25,000ത്തിലേറെ സീറ്റുകൾ. 23,005 ഡിഗ്രി സീറ്റുകളും 2616 ബിരുദാനന്തര സീറ്റുകളുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായി കുറവും വന്നു. സെനറ്റ് യോഗത്തിൽ ഡോ. എസ് സഞ്ജയ് കുമാറിന്റെ ചോദ്യത്തിന് സിൻഡിക്കറ്റംഗം ഡോ. കെ പി വിനോദ് കുമാർ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമായത്.

4747 ബികോം, 6362 ബിഎസ്സി, 7091 ബിഎ, 949 എംഎ, 865 എംകോം, 790 എംഎസ്സി എന്നിവയും ഉൾപ്പെടുന്നു. അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ -എയ്ഡഡ് കോളേജുകളിൽ 129 പുതിയ കോഴ്സുകൾ അനുവദിച്ചതായും ഡോ. കെ പി വിനോദ് കുമാർ സോണിയ ഇ പയെ അറിയിച്ചു. അതിൽ 78 എണ്ണം യുജി കോഴ്സുകളും 51 എണ്ണം പിജി കോഴ്സുകളുമാണ്. സർവകലാശാലയിൽ നിയമിക്കപ്പെട്ട 47 അധ്യാപകരിൽ 27 പേർ ഓപ്പൺ വിഭാഗത്തിലും 20 പേർ റിസർവേഷനിലും നിയമനം നേടിയതായി സിൻഡിക്കറ്റംഗം കെ കെ ഹനീഫ ചോദ്യത്തിന് മറുപടി നൽകി. ഓപ്പൺ വിഭാഗത്തിൽ നിയമനം നേടിയവരിൽ 19 പേർ പിന്നോക്ക വിഭാഗത്തിലുള്ളവരാണ്. ആകെ സംവരണ വിഭാഗത്തിൽപെട്ട 39 പേർക്ക് നിയമനം ലഭിച്ചതായും ഹനീഫ വ്യക്തമാക്കി.

കേരള ബാങ്കിന്റെ ശാഖ സർവകലാശാല ക്യാമ്പസിൽ സ്ഥാപിക്കുന്നതിനായി കലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ട് 1975 സെക്ഷൻ 45 (2) ഭേദഗതി ചെയ്യുന്നതിന് വേണ്ട നടപടിയെടുക്കുവാൻ അപേക്ഷിച്ച് സർക്കാരിനും ചാൻസലർക്കും കത്ത് അയച്ചിട്ടുണ്ടെന്ന് സിൻഡിക്കറ്റംഗം അഡ്വ. ടോം കെ തോമസ് മറുപടി നൽകി.
വുഫൈന്റ് എന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ വഴി കാൾ നെറ്റ് സംവിധാനം നടപ്പാക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച ലൈബ്രറി വിഭാഗം ജീവനക്കാരായ എൻ പി ജംഷീർ, എ മോഹനൻ, സി മനു, യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ഡോ. ടി എ അബ്ദുൾ അസീസ് എന്നിവരെ യോഗം അഭിനന്ദിച്ചു. സെനറ്റിലെ ജീവനക്കാരുടെ പ്രതിനിധി വിനോദ് എൻ നീക്കാംപുറത്താണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് അധ്യക്ഷനായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3frkQ9V

Comments

Archive

Contact Form

Send