ട്രെയിനിൽ ഒന്നേകാൽ കോടി രൂപയുമായി 3 തമിഴ്‌നാട്‌ സ്വദേശികൾ പിടിയിൽ


കൊല്ലം
ചെന്നൈ എഗ്മൂർ- –-കൊല്ലം എക്സ്പ്രസിൽനിന്ന് രേഖകളില്ലാത്ത ഒരുകോടി 22 ലക്ഷം രൂപയുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ റെയിൽവേ പൊലീസ് പിടികൂടി. ട്രെയിൻ തെന്മല സ്റ്റേഷനിൽ എത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ 6.30ന് പുനലൂർ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ 1,22,55,700 രൂപയുമായി മധുര രാജമിൽ റോഡിൽ സതീഷ് കുമാർ (35), മധുര വാഹിദ് സ്ട്രീറ്റിൽ 14/01 കൃപനന്ദയിൽ മുത രാജീവ് (35), മധുര കുണ്ഡലിപുരം 2/253ൽ ത്യാഗരാജൻ (60)എന്നിവരാണ് പിടിയിലായത്.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ തുണിയിൽ പൊതിഞ്ഞ് അരയിൽ ഒളിപ്പിച്ച നിലയിലും മൂന്നു ബാഗിലുമായാണ് സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിർദേശത്തെ തുടർന്ന് റെയിൽവേ പൊലീസ് എസ്എച്ച്ഒ എസ് സലിമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു ബോഗിയിൽ മൂന്നിടത്തായി ഉറങ്ങുകയായിരുന്നു പ്രതികൾ. രാജീവിന്റെ ബാഗിൽനിന്നാണ് ആദ്യം പണം കണ്ടെടുത്തത്. ഇയാളുടെ ടിക്കറ്റ് പരിശോധിച്ചതോടെയാണ് മറ്റുള്ളവരും പിടിയിലായത്.

ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് പണം കൊണ്ടുപോകുന്നതെന്നും എന്നാൽ, ജ്വല്ലറി ഏതെന്ന് അറിയില്ലെന്നുമാണ് പിടിയിലായവർ പറഞ്ഞത്. ഇവരിൽ നിന്ന് ലഭിച്ച ഫോൺ നമ്പരിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. പൊലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുത്തു. എഎസ്ഐമാരായ ജി സന്തോഷ്, എസ് രവിചന്ദ്രൻ, സിപിഒ രാജു, സി പി മനോജ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3lfOjVi

Comments

Archive

Contact Form

Send