കർഷകപോരാളികളുടെ സലാം; വി പി സാനുവിന് കെട്ടിവെക്കാനുളള തുക ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നൽകി
ന്യൂഡൽഹി > മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വി പി സാനുവിന് കെട്ടിവയ്ക്കാനുള്ള തുക ഡൽഹി സമരമുഖത്തുനിന്ന്. നോമിനേഷനൊപ്പം കെട്ടിവെക്കാൻ ആവശ്യമായ തുക കർഷകസമര പ്രതിനിധികൾ അഖിലേന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനെ ഏൽപ്പിച്ചു.
വി പി സാനുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഇന്നലെ രാത്രിയാണ് ഡൽഹിയിൽ നിന്നും വിജുവേട്ടൻ വിളിക്കുന്നത്. തെരഞ്ഞെടുപ്പ് വിശേഷങ്ങൾ അന്വേഷിച്ചറിയുന്നതിനിടെയാണ് എനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഡൽഹിയിൽ ഐതിഹാസിക സമരം നയിക്കുന്ന കർഷകർ നൽകാമെന്ന് ഏറ്റിട്ടുണ്ടെന്ന് പറയുന്നത്.
ഇന്ന് നോമിനേഷനൊപ്പം കെട്ടിവെക്കാൻ ആവശ്യമായ തുക കർഷകസമര പ്രതിനിധികൾ സഖാവ് വിജു കൃഷ്ണനെ ഏൽപ്പിച്ചു. കർഷകവിരുദ്ധമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മാസങ്ങളോളമായി ഇന്ത്യൻ കർഷകർ നയിക്കുന്ന സമാനതകളില്ലാത്ത സമരമുന്നേറ്റത്തിനൊപ്പം ഭാഗമാകാൻ കഴിഞ്ഞിരുന്നു. നരേന്ദ്രമോഡി സർക്കാരിനെതിരായ തൊഴിലാളികളുടെയും കർഷകരുടെയും ജനാധിപത്യവിശ്വാസികളുടെയും സമരപ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരുന്നതാകണം മലപ്പുറത്തെ ജനവിധി.
അതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കേ കഴിയൂ എന്ന ബോധ്യം കേരളം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്. കർഷകസമരഭടന്മാർക്ക് അഭിവാദ്യങ്ങൾ. മലപ്പുറം കൂടെയുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3ljFn1b
Comments