നോക്കാൻ ആരുമില്ല; 
 ഹൈക്കമാൻഡിന്റെ വിശ്വസ്‌തനായിരുന്ന ചാക്കോയും പുറത്തുചാടി


ന്യൂഡൽഹി
ഹൈക്കമാൻഡിന്റെ വിശ്വസ്തനായിരുന്ന പി സി ചാക്കോയും കോൺഗ്രസിനോട് വിടപറഞ്ഞു. നിലവിൽ ഹൈക്കമാൻഡിന് ചുറ്റുംനിൽക്കുന്ന നേതാക്കളുടെ പരാജയം കൂടിയാണ് ഈ വിടവാങ്ങൽ. ഇതോടെ കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ നിഷ്ക്രിയത്വം ഒരിക്കൽക്കൂടി പ്രകടമായി. കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് ചാക്കോ പറഞ്ഞതിലും തെല്ലും അതിശയോക്തിയില്ല. കേരളത്തിൽനിന്നുള്ള ചിലരടക്കം വിരലിലെണ്ണാവുന്നവരുടെ സ്വകാര്യതാൽപര്യങ്ങൾ സംരക്ഷിക്കൽ മാത്രമാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അജൻഡയെന്ന് നേരത്തെ 23 നേതാക്കൾ കത്തെഴുതിയതിന്റെ തുടർച്ചയാണ് ചാക്കോയുടെ കുറ്റപത്രം.

നാല് തവണ ലോക്സഭാംഗമായ ചാക്കോ പാർലമെന്റിലും ഡൽഹി രാഷ്ട്രീയത്തിലും കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു. എഐസിസി ഔദ്യോഗിക വക്താവായും പ്രവർത്തിച്ചു. 2ജി സ്പെക്ട്രം അഴിമതിയാരോപണം ആളിക്കത്തിയപ്പോൾ കോൺഗ്രസിന് സംരക്ഷണകവചം തീർത്തവരിൽ പ്രധാനിയായി. സ്പെക്ട്രം വിതരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സംയുക്തപാർലമെന്ററി സമിതി(ജെപിസി)യുടെ അധ്യക്ഷൻ ചാക്കോയായിരുന്നു.


കോൺഗ്രസിന്റെ താൽപര്യങ്ങൾ റിപ്പോർട്ടിൽ അദ്ദേഹം സമർഥമായി നിറവേറ്റി.സോണിയ ഗാന്ധിക്കുശേഷം രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനത്തുവന്നിട്ടും ചാക്കോ ഹൈക്കമാൻഡുമായി നല്ല ബന്ധം തുടർന്നു. ഡൽഹി പിസിസിയുടെ ചുമതലക്കാരനായിരുന്നു. 2019ൽ ഷീല ദീക്ഷിത് വീണ്ടും പിസിസി അധ്യക്ഷയായി വന്നതോടെ പ്രശ്നങ്ങൾ രൂപംകൊണ്ടു. ഷീലയുടെ പ്രവർത്തനം ഗുണകരമല്ലെന്ന് ചാക്കോ തുറന്നടിച്ചു. 2020ൽ ഡൽഹിയിൽ കോൺഗ്രസ് തകർച്ച പൂർണമായതോടെ ചാക്കോ ചുമതല ഒഴിഞ്ഞു.

കെഎസ്യു വഴി പൊതുരംഗത്തെത്തിയ ചാക്കോ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള കോൺഗ്രസ് പിളർപ്പിൽ ഇന്ദിര ഗാന്ധിയുടെ എതിർപക്ഷത്തുനിലകൊണ്ടു. 1980ലെ ഇ കെ നായനാർ മന്ത്രിസഭയിൽ കോൺഗ്രസ്(അരശ്) പ്രതിനിധിയായി വ്യവസായമന്ത്രിയുമായി.

ആന്റണിയും മറ്റും വീതംവയ്പ് 
നോക്കിനിൽക്കുന്നു: ചാക്കോ
എ, ഐ ഗ്രൂപ്പുകൾ തയ്യാറാക്കുന്ന സ്ഥാനാർഥിപട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരംനൽകുന്ന ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണ് കോൺഗ്രസിലെന്ന് പി സി ചാക്കോ. കേരളത്തിൽനിന്ന് വളർന്ന് ദേശീയനേതാക്കളായ ആന്റണിയടക്കമുള്ളവർ വീതംവയ്പ് നോക്കിനിൽക്കുകയാണ്. ഇത്രയും വലിയ ജനാധിപത്യവിരുദ്ധ നടപടി ഒരു പാർടിയിലും നടക്കാറില്ല. താനുൾപ്പെട്ട 40 അംഗ തെരഞ്ഞെടുപ്പ് സമിതിയിൽ ഒരു ചർച്ചയുമുണ്ടായില്ല. രണ്ട് വട്ടം സമിതി ചേർന്നു. സ്ഥാനാർഥിപട്ടികയിൽ ആരൊക്കെയെന്ന് തീരുമാനിക്കേണ്ടത് ഈ സമിതിയാണ്. സ്ഥാനാർഥികളുടെ പട്ടിക ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. 20 സിറ്റിങ് എംഎൽഎമാരെ മാറ്റിനിർത്തിയാൽ മറ്റ് സീറ്റുകളിൽ ആരൊക്കെ പരിഗണിക്കപ്പെടുന്നുവെന്ന് സമിതിയിലുള്ളവർക്കും അറിയില്ല.

ഗ്രൂപ്പുകൾക്കതീതമായി നിൽക്കുന്നവരെ സംരക്ഷിക്കണമെന്ന് പലവട്ടം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പുകളുടെ ഭാഗമായി നിൽക്കാത്തവർക്ക് പ്രവർത്തിക്കാൻ പറ്റില്ല. കോൺഗ്രസുകാരനാവുക അഭിമാനകരമായ കാര്യമാണ്; സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും. ഇന്നിപ്പോൾ കേരളത്തിൽ ഗ്രൂപ്പുകാരനായിരിക്കാനേ കഴിയൂ. കോൺഗ്രസുകാരനായിരിക്കാനാകില്ല.

രണ്ടുവർഷമായി കോൺഗ്രസിന്റെ ദേശീയനേതൃത്വം സജീവമല്ല. രാജി പിൻവലിക്കണമെന്ന് പ്രവർത്തകസമിതി ഒറ്റക്കെട്ടായി രാഹുലിനോട് ആവശ്യപ്പെട്ടു. അദ്ദേഹം അംഗീകരിച്ചില്ല. ആരോഗ്യപരമായ കാരണങ്ങളുണ്ടായിട്ടുപോലും സോണിയ ഗാന്ധി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത് മറ്റാരുമില്ലാത്തതുകൊണ്ടാണ്. തലയില്ലാതെയാണ് ഒന്നരവർഷം കോൺഗ്രസ് പോയത്. എന്നിട്ടും പുതിയ പ്രസിഡന്റിനെ കണ്ടെത്താനാകുന്നില്ല. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ നേരിടാൻ കഴിയാത്തത് കോൺഗ്രസിനുള്ളിലെ ദൗർബല്യംകൊണ്ടാണ്. സ്വയംകൃതാനർഥംകൊണ്ട് ദുർബലമാകുന്ന സാഹചര്യമാണുള്ളത്. ഇതിനോടുള്ള പ്രതിഷേധമാണ് രാജി.

കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഇത് ശരിയായ തീരുമാനമാണോയെന്ന് ചോദിച്ചിരുന്നു. ഇടതുപക്ഷം കോൺഗ്രസിന്റെ സുഹൃത്താണ്. ഇടതുപക്ഷം ബിജെപിക്കെതിരായാണ് പോരാടുന്നത്. സോണിയക്ക് കത്തയച്ച 23പേരിൽ താൻ ഉൾപ്പെടുന്നില്ല. ഒപ്പുവയ്ക്കൽ സംഘത്തിൽ ഉൾപ്പെടാൻ താൽപ്പര്യപ്പെടാത്തതുകൊണ്ടാണ്. എന്നാൽ, അവർ ഉന്നയിച്ച കാര്യങ്ങളോട് യോജിപ്പാണ്–-ചാക്കോ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/30sLAhw

Comments

Archive

Contact Form

Send