തമിഴ്‌നാട്ടില്‍ സിപിഐ എം മത്സരിക്കുന്ന ആറില്‍ നാലും മുമ്പ് ജയിച്ചവ; കീഴ്‌വെന്മണിയിലും പാര്‍ട്ടി സ്ഥാനാര്‍ഥി
കൊച്ചി >തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തില് സിപിഐ എം മത്സരിക്കുന്ന ആറ് നിയോജകമണ്ഡലങ്ങളില് നാലും കമ്യൂണിസ്റ്റ് വിജയചരിത്രമുള്ളവ.
സിപിഐ എം നേതൃത്വത്തില് നടന്ന കര്ഷക തൊഴിലാളി സമരത്തില് അണിനിരന്നതിനു സ്ത്രീകളും കുട്ടികളും അടക്കം 44 ദളിതരെ 1968ല് ചുട്ടുകൊന്ന കീഴ് വെണ്മണി ഉള്പ്പെട്ട മണ്ഡലമാണ് കീഴ്വേളൂർ (സംവരണം). മുൻ എംഎൽഎകൂടിയായ വി പി നാഗൈമാലി (പി മഹാലിംഗം) മത്സരിക്കുന്ന ഇവിടെ നിലവില് വന്ന ശേഷം 2011ല് നടന്ന ആദ്യ തെരഞ്ഞെടുപ്പില് തന്നെ സിപിഐ എം വിജയിച്ചു. നാഗൈമാലി തന്നെ ആയിരുന്നു വിജയി. 2016 ല് എഡിഎംകെ വിജയിച്ചു. നാഗപട്ടണം ലോക് സഭാ മണ്ഡലത്തില് ഉള്പ്പെട്ടതാണ് കീഴ്വേളൂര്.
തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കോവിൽപട്ടി 1952 മുതല് ഏഴുതവണ കമ്യൂണിസ്റ്റുകാരെ നിയമസഭയില് എത്തിച്ചിട്ടുണ്ട്. അവിഭക്ത പാര്ട്ടി സ്ഥാനാര്ത്ഥികളും പിന്നീട് സിപിഐ സ്ഥാനാര്ത്ഥികളുമാണ് ജയിച്ചുവന്നത്. സിപിഐ എമ്മിലെ കെ ശ്രീനിവാസനാണ് ഇക്കുറി മത്സരിക്കുന്നത്.
എൻ പാണ്ഡി മത്സരിക്കുന്ന ദിണ്ഡുക്കൽ അഞ്ചുതവണ സിപിഐ എം സ്ഥാനാര്ഥികളെ വിജയിപ്പിച്ചിട്ടുണ്ട്. 2016 ല് എഡിഎംകെയ്ക്കായിരുന്നു വിജയം. ദിണ്ഡുക്കൽ ലോക്സഭാ മണ്ഡലത്തിലാണ് ഇവിടം.
സംവരണമണ്ഡലമായ ആരുരും അഞ്ചുവട്ടം കമ്യൂണിസ്റ്റ് സ്ഥാനാര്ഥികളെ വിജയിച്ചിട്ടുണ്ട്. ഇതില് നാലുതവണയും ജയിച്ചത് സിപിഐ എമ്മാണ്. നിലവില് എഡിഎംകെ എംഎല്എയാണ്. എ കുമാറാണ് സിപിഐ എം സ്ഥാനാര്ഥി. ധര്മ്മപുരി ലോക്സഭാ മണ്ഡലത്തില് ഉള്പെട്ടതാണ് ആരുർ.
വിരുദു നഗര് ലോക്സഭാ മണ്ഡലത്തിലെ തിരുപ്പറങ്കുണ്ഡ്രം നിയമസഭയിലേക്ക് 2006 ല് സിപിഐ എം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2016ല് ഇവിടെ എഡിഎംകെ ജയിച്ചു. എന്നാല് 2019ല് ഉപതെരെഞ്ഞെടുപ്പില് സിപിഐ എം പിന്തുണയോടെ മത്സരിച്ച ഡി എം കെ സ്ഥാനാര്ഥി ജയിച്ചു. എസ് കെ പൊന്നുത്തായിയാണ് ഇത്തവണ സിപിഐ എം സ്ഥാനാര്ഥി.
സംവരണ മണ്ഡലമായ ഗന്ധർവകോട്ടൈ തിരുച്ചിറപ്പള്ളി ലോക്സഭാ മണ്ഡലത്തില് ഉള്പ്പെട്ടതാണ്.2016 ല് 4953 വോട്ടിനു എഡിഎംകെ ജയിച്ചു. 2016 ല് ചെറുകക്ഷികളുടെ മുന്നണിയില് മത്സരിച്ച സിപിഐ എം ഇവിടെ 13,918 വോട്ടു നേടി. അന്ന് മത്സരിച്ച എം ചിന്നദുരയാണ് ഇത്തവണ സ്ഥാനാര്ഥി.
സിപിഐ എം സംസ്ഥാന കമ്മിറ്റിക്കുശേഷം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന് ശനിയാഴ്ചയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി സമ്പത്ത്, ടി കെ രംഗരാജൻ, എ സൗന്ദരരാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Credits National || Deshabhimani Online News https://ift.tt/3lieXgi
Comments