കെ സി ജോസഫിനും 
കെ ബാബുവിനുമായി പിടിമുറുക്കി ഉമ്മൻചാണ്ടി ; കോൺഗ്രസ്‌ സ്ഥാനാർഥിപട്ടികയുടെ കാര്യത്തിൽ അനിശ്‌ചിതത്വം

ന്യൂഡൽഹി
ഗ്രൂപ്പടിസ്ഥാനത്തിൽ തർക്കം മുറുകിയതോടെ കോൺഗ്രസ് സ്ഥാനാർഥിപട്ടികയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ചെന്നിത്തലയും രണ്ടുദിവസമായി ഡൽഹിയിലെത്തി ചർച്ചനടത്തിയിട്ടും തീരുമാനം നീളുകയാണ്. ബുധനാഴ്ചയോടെ പ്രഖ്യാപനമുണ്ടാകുമെന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും തർക്കംനീളാനാണ് സാധ്യത.

വിശ്വസ്തരായ കെ സി ജോസഫിനും കെ ബാബുവിനും സീറ്റുനൽകിയേ തീരൂവെന്ന വാശിയിലാണ് ഉമ്മൻചാണ്ടി. ബാബുവിന്റെ കാര്യത്തിൽ മറ്റ് ഗ്രൂപ്പുകൾ വഴങ്ങിയെങ്കിലും കെ സിയുടെ കാര്യത്തിൽ തർക്കം തുടരുകയാണ്. കെ സി ജോസഫിന് കാഞ്ഞിരപ്പള്ളി നൽകണമെന്നാണ് ഉമ്മൻചാണ്ടിയുടെ പിടിവാശി.

കേരളത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കേണ്ട സ്ക്രീനിങ് കമ്മിറ്റിയംഗങ്ങൾ ചൊവ്വാഴ്ചയും എംപിമാരുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർഥി നിർണയചർച്ചകളിൽ സഹകരിപ്പിച്ചില്ലെന്ന കാരണത്താൽ കെ മുരളീധരനും എം കെ രാഘവനും കൂടിക്കാഴ്ച ബഹിഷ്കരിച്ചിരുന്നു. ധർമജൻ ബോൾഗാട്ടിയെ കോഴിക്കോട് ജില്ലയിൽ പരീക്ഷിക്കാനുള്ള നീക്കമാണ് ഇരുവരെയും ചൊടിപ്പിച്ചത്. എംപിമാർ അവർക്ക് താൽപ്പര്യമുള്ള പേരുകൾ സ്ക്രീനിങ് കമ്മിറ്റി മുമ്പാകെ നിർദേശിച്ചു. പത്മജ വേണുഗോപാലിന് തൃശൂർ നൽകണമെന്ന് ടി എൻ പ്രതാപനും ശരണ്യ മനോജിന് പത്തനാപുരം നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷും റോബിൻ പീറ്ററിനെ കോന്നിയിൽ മത്സരിപ്പിക്കണമെന്ന് അടൂർ പ്രകാശും ആവശ്യപ്പെട്ടു. സ്വന്തം ലോക്സഭാ മണ്ഡലത്തിന് കീഴിലെ നിയോജകമണ്ഡലങ്ങളിലേക്ക് പേര് നിർദേശിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും അടൂർ പ്രകാശ് കോന്നിക്കാണ് വാശി പിടിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3t6oWYO

Comments

Archive

Contact Form

Send