ആ ജയ് വിളിയിൽ മുഴങ്ങിയത് പതിവ് ആവേശമല്ല, ചതിക്കപ്പെട്ട സ്ത്രീയുടെ ആത്മരോഷവും നിരാശയും
തിരുവനന്തപുരം
മൊട്ടയടിക്കുന്നതിനിടയിലും ലതിക സുഭാഷ് കോൺഗ്രസിനായി ജയ് വിളിച്ചു. ആ ജയ് വിളിയിൽ മുഴങ്ങിയത് പതിവ് ആവേശമല്ല, ചതിക്കപ്പെട്ട സ്ത്രീയുടെ ആത്മരോഷവും നിരാശയുമായിരുന്നു. ഒപ്പമുണ്ടായ സഹപ്രവർത്തകർ ആ കാഴ്ച കണ്ട് കണ്ണീർ വാർത്തപ്പോൾ എം എം ഹസൻ നേരിട്ടും മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ മാധ്യമദൃശ്യങ്ങൾ വഴിയും ആ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു.
കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവന് മുന്നിലായിരുന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചതും തല മൊട്ടയടിച്ച് പ്രതിഷേധിച്ചതും. ഡൽഹിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച പ്രതിഷേധമുണ്ടായത്.
സഹപ്രവർത്തകർക്കൊപ്പം മാധ്യമങ്ങളെ കണ്ട ലതികയുടെ വാക്കുകളിൽ രോഷവും നിരാശയും. പാർടിയിലെ പ്രവർത്തന പാരമ്പര്യം അവർ ഓർമിപ്പിച്ചു. സേവനങ്ങൾ അക്കമിട്ട് നിരത്തി. മുമ്പ് തഴഞ്ഞ സംഭവങ്ങൾ ചൂണ്ടിക്കാട്ടി. വികാരഭരിതായി. മിഴികൾ നിറഞ്ഞു. ഒപ്പമുണ്ടായ സഹപ്രവർത്തകരും വിതുമ്പി. ഇതിനിനിടെ മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു. പിന്നാലെ തലമുണ്ഡനം ചെയ്യുന്നതായുള്ള പ്രഖ്യാപനം. ഇന്ദിര ഭവന് മുന്നിൽ കസേരയിട്ട് അവർ ഇരുന്നു.
മുടി മുഴുവൻ നീക്കിയശേഷം കരഞ്ഞുകലങ്ങിയ മിഴികളുമായി ഇരുന്ന ലതികയെ സഹപ്രവർത്തക ഷാൾ അണിയിച്ചു. പിന്നാലെ കെട്ടിപ്പിടിച്ച് വിതുമ്പി. സങ്കടം ഒതുക്കി നിലത്ത് വീണുകിടന്ന മുടിയിഴകൾ ലതിക സ്വയം കടലാസിൽ പൊതിഞ്ഞ് നീക്കി. ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ സഹപ്രവർത്തകരും.
ഇതിനിടയിൽ എം എം ഹസൻ ഇന്ദിര ഭവന് പുറത്തിറങ്ങി ലതികയുടെ അരികിൽ എത്തി. ഏറ്റുമാനൂർ സീറ്റ് തനിക്ക് തന്നുകൂടായിരുന്നോവെന്ന ലതികയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടി ഹസൻ നിന്നു. ഞാൻ 15 വയസ്സുള്ള കുട്ടിയല്ലെന്നും പറഞ്ഞു.
ചെയ്തു തന്നതിനെല്ലാം നന്ദിയുണ്ടെന്ന ഭാവത്തിൽ ഹസന്റെ കാൽതൊട്ടു. എല്ലാവരും അമ്പരന്നപ്പോൾ ‘ബഹുമാനം എല്ലാവരോടുമുണ്ടെന്ന്’ മാധ്യമപ്രവർത്തകരോട്. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്ന മുല്ലപ്പള്ളിയുടെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഞാൻ ബഹുമാനിക്കുന്ന വലിയ നേതാവാണ് അദ്ദേഹമെന്നായിരുന്നു പരിഹാസത്തോടെയുള്ള മറുപടി.
9 വനിതകൾമാത്രം
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ വനിതകളെ തഴഞ്ഞതായി ആക്ഷേപം. 86 പേരുടെ ലിസ്റ്റ് പ്രഖ്യാപിച്ചതിൽ ഒമ്പതു വനിതകൾ മാത്രമാണുള്ളത്. 20 ശതമാനം സീറ്റ് നൽകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നേർപകുതി പേർക്കാണ് സീറ്റ് ലഭിച്ചത്. പ്രവർത്തന പാരമ്പര്യവും സജീവമായി പ്രവർത്തിക്കുന്നവരുമായ വനിതകളെ തഴഞ്ഞതായാണ് ആക്ഷേപം. വിജയസാധ്യത കുറഞ്ഞ സീറ്റുകളാണ് നൽകിയതെന്നും പരാതിയുണ്ട്.
മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്, കെപിസിസി സെക്രട്ടറി രമണി പി നായർ, കെ സി റോസക്കുട്ടി, ലാലി വിൻസന്റ്, കെ പി ഫിലോമിന, കെ എ തുളസി, സൗമിനി ജയിൻ, ദീപ്തി മേരി വർഗീസ്, ഷമ മുഹമ്മദ്, ആശ സനൽ തുടങ്ങിയ പ്രമുഖരെയാണ് തഴഞ്ഞത്. ഒഴിവാക്കുന്നതറിഞ്ഞ് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ ബിന്ദു കൃഷ്ണയെ അവസാന നിമിഷം ഉൾപ്പെടുത്തി.
മുൻമന്ത്രി പി കെ ജയലക്ഷ്മി (മാനന്തവാടി), കെ എ ഷീബ (തരൂർ), പത്മജ വേണുഗോപാൽ (തൃശൂർ), ഡോ. പി ആർ സോന (വൈക്കം), ഷാനിമോൾ ഉസ്മാൻ (അരൂർ), അരിത ബാബു (കായംകുളം), ആർ രശ്മി (കൊട്ടാരക്കര), ബിന്ദു കൃഷ്ണ (കൊല്ലം), അൻസജിത റസൽ (പാറശാല) എന്നിവരാണ് ലിസ്റ്റിൽ ഇടംപിടിച്ച വനിതകൾ.
Credits Kerala || Deshabhimani Online News https://ift.tt/30EL6VE
Comments