മേലൂർ കുളത്തിലെ കരിങ്കൽ പ്രതിമ കരയ്ക്കെത്തിച്ചു

കൊയിലാണ്ടി > മേലൂർ ശിവക്ഷേത്രത്തിന്റെ സമീപമുള്ള ക്ഷേത്രക്കുളത്തിൽനിന്ന് നാലടിയോളം ഉയരമുള്ള പ്രതിമ പുറത്തെടുത്തു. ചൊവ്വാഴ്ച കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ ഓഫീസർ ഇൻ ചാർജ് കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് പ്രതിമ പുറത്തെടുത്തത്. 12, 13 നൂറ്റാണ്ടിൽ പണിത കരിങ്കൽ ശില്പമാണിതെന്ന് സംശയിക്കുന്നു. ഏതുതരം ശില്പമാണ് എന്ന് തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണ്. ഒരു ടണ്ണോളം ഭാരമുള്ള പ്രതിമ ജെസിബി ഉപയോഗിച്ചാണ് കരക്കെത്തിച്ചത്.

പ്രതിമ കുളത്തിലുണ്ടെന്നത് കാലങ്ങളായി ഈ പ്രദേശത്തുകാർക്ക് അറിയാവുന്നതാണ്. കുബേരന്റെ രക്ഷിതാവിന്റെ പ്രതിമയാണെന്ന് സംശയിക്കുന്നതായി സ്ഥലം സന്ദർശിച്ച ചരിത്ര ഗവേഷകൻ ഡോ. എം ആർ രാഘവ വാര്യർ പറഞ്ഞു. ചോളശൈലിയാണ് നിർമിതി. ക്ഷേത്രത്തിന് കിഴക്കുവശത്തെ പാത്തിക്കലപ്പന്റെ വിഗ്രഹമാണെന്നും ബുദ്ധ ജൈന പ്രതിമയാണെന്നും നാട്ടുകാർ പറയുന്നുണ്ട്.

നന്തി–-ചെങ്ങോട്ട്കാവ് ബൈപാസ് റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്താണ് കുളം. നൂറിലധികം വർഷത്തെ പഴക്കമുള്ള വസ്തുക്കൾ സർക്കാരിന്റേതാണ് എന്നതിനാൽ പ്രതിമ എന്തുചെയ്യണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് സ്ഥലത്തെത്തിയ പുരാവസ്തു ഗവേഷകർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3b9CkoB

Comments

Archive

Contact Form

Send