തർക്കം തീർന്നില്ല, പ്രഖ്യാപനം നാളെ ; എംപിമാർ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി
ന്യൂഡൽഹി
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ തർക്കം തുടരുന്നു. 81 സീറ്റിൽ തീരുമാനമായെന്നും 10 സീറ്റിന്റെ കാര്യംകൂടി ആയശേഷം ഞായറാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എംപിമാരാരും മത്സരിക്കില്ലെന്ന് മുല്ലപ്പള്ളിയും ഒന്നിലേറെ സീറ്റുകളിൽ ആരും മത്സരിക്കില്ലെന്ന് ചെന്നിത്തലയും വ്യക്തമാക്കി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്തേക്ക് ഇല്ലെന്ന് തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ അറിയിച്ചു.
നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തൃപ്പൂണിത്തുറ, കൊല്ലം, കുണ്ടറ, കൽപ്പറ്റ, നിലമ്പൂർ തുടങ്ങി 10 മണ്ഡലത്തിലാണ് തർക്കം. പി സി വിഷ്ണുനാഥിനെ കൊല്ലത്ത് പരീക്ഷിച്ച് ബിന്ദുകൃഷ്ണയെ കുണ്ടറയിലേക്ക് മാറ്റാൻ ഉമ്മൻചാണ്ടി ശ്രമിക്കുമ്പോൾ ചെന്നിത്തല ഇതിനെ എതിർത്തു. ടി സിദ്ദിഖിന് സീറ്റുറപ്പിക്കാൻ ഉമ്മൻചാണ്ടി ശ്രമിക്കുന്നതാണ് കൽപ്പറ്റയെയും നിലമ്പൂരിനെയും അനിശ്ചിതത്വത്തിലാക്കുന്നത്. കെ ബാബുവിനെ ചൊല്ലിയാണ് തൃപ്പൂണിത്തുറയിലെ തർക്കം. സിറ്റിങ് എംഎൽഎമാരിൽ കെ സി ജോസഫ് ഒഴികെ മറ്റ് 20 പേരും സീറ്റുറപ്പിച്ചിട്ടുണ്ട്.
യുഡിഎഫിൽ കോൺഗ്രസ് 91 സീറ്റിലും മുസ്ലിംലീഗ് പുനലൂർ അടക്കം 27 സീറ്റിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൃക്കരിപ്പൂർ അടക്കം 10 സീറ്റിലും ആർഎസ്പി മട്ടന്നൂർ അടക്കം അഞ്ച് സീറ്റിലും മാണി സി കാപ്പൻ വിഭാഗം എലത്തൂർ, പാലാ സീറ്റിലും ജനതാദൾ മലമ്പുഴയിലും സിഎംപി നെന്മാറയിലും ജേക്കബ് വിഭാഗം പിറവത്തും മത്സരിക്കും. കെ രമ മത്സരിച്ചാൽ വടകരയിൽ ആർഎംപിയെയും ദേവരാജൻ മത്സരിച്ചാൽ ധർമടത്ത് ഫോർവേർഡ് ബ്ലോക്കിനെയും പിന്തുണയ്ക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
പത്തോളം സീറ്റിൽ തർക്കം
കീറാമുട്ടിയായി കോൺഗ്രസ്
സ്ഥാനാർഥി പ്രഖ്യാപനം
കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ ഡൽഹിയിൽ അഞ്ചുദിവസം പിന്നിടുമ്പോഴും അന്തിമപട്ടികയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അവകാശപ്പെട്ടിരുന്നെങ്കിലും പത്തോളം സീറ്റിൽ തർക്കം തുടരുകയാണ്. സ്ഥാനാർഥികൾ ആയിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായി എന്നുമാണ് വെള്ളിയാഴ്ച വൈകിട്ട് നേതാക്കൾ ഡൽഹിയിൽ അറിയിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വെള്ളിയാഴ്ച യോഗംചേർന്ന് സിറ്റിങ് എംഎൽഎമാരുടെയും തർക്കമില്ലാത്ത സീറ്റുകളുടെയും കാര്യത്തിൽ അന്തിമാംഗീകാരം നൽകി. കെ സി ജോസഫ് ഒഴികെയുള്ള മറ്റ് സിറ്റിങ് എംഎൽഎമാരെല്ലാം സീറ്റുറപ്പിച്ചു. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, കൽപ്പറ്റ, നിലമ്പൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളിലാണ് അനിശ്ചിതത്വം തുടരുന്നത്. നിലമ്പൂരിൽ ടി സിദ്ദിഖിനായും കൊല്ലത്ത് പി സി വിഷ്ണുനാഥിനായും ഉമ്മൻചാണ്ടി ചരടുവലിക്കുന്നുണ്ട്. തൃുപ്പൂണിത്തുറയിൽ കെ ബാബുവിനെ വീണ്ടും ഇറക്കണമെന്നും ഉമ്മൻചാണ്ടി വാശിപിടിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനായി ചെന്നിത്തലയും ശ്രമിക്കുന്നു.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽചേർന്ന കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയാണ് തർക്കമില്ലാത്ത സീറ്റുകളിൽ സ്ക്രീനിങ് കമ്മിറ്റി നിർദേശിച്ച പേരുകൾക്ക് അംഗീകാരം നൽകിയത്. നേമം അടക്കം പത്തോളം സീറ്റുകളിൽ തർക്കം തുടരുന്നതിനാൽ സ്ഥാനാർഥി പ്രഖ്യാപനം നീളും. ശനിയാഴ്ചയോടെ പട്ടിക അന്തിമമാക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്.നേമത്ത് ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കം എന്തുവന്നാലും പുതുപ്പള്ളി കൈവിടില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ ഉമ്മൻചാണ്ടി തള്ളി. കേന്ദ്രനേതൃത്വം നിർബന്ധിച്ച് നേമത്ത് മൽസരിക്കേണ്ടിവന്നാൽ പുതുപ്പള്ളിയിൽ പകരം മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കാനും അദ്ദേഹം ആവശ്യപ്പെടും. നേമത്തേക്ക് ഇല്ലെന്ന് ചെന്നിത്തലയും വ്യക്തമാക്കി. ശശി തരൂർ, പി സി വിഷ്ണുനാഥ് തുടങ്ങിയവരെ കൊണ്ടുവരാനും മുല്ലപ്പള്ളി ശ്രമിക്കുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2Oiqd09
Comments