വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ് പ്രതികളായ കോൺഗ്രസുകാർ മറ്റൊരു കൊലക്കേസിൽ കുറ്റക്കാർ
തിരുവനന്തപുരം
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ കോൺഗ്രസുകാരായ പ്രതികൾ മറ്റൊരു കൊലക്കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മദപുരം സ്വദേശി ഉണ്ണി എന്ന ബിജു, സനൽ എന്ന സനൽ സിങ് എന്നിവരാണ് സുഹൃത്തും അയൽവാസിയുമായ മാണിക്കൽ ഇടത്തറ പിണവുംകുഴി ചാരുവിള പുത്തൻവീട്ടിൽ സജീവിനെ (23) കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
2008 ജനുവരി 13നാണ് സംഭവം നടന്നത്. പ്രതികളുടെ ബന്ധുവായ പെൺകുട്ടി ഇഷ്ടപ്പെട്ട യുവാവിനൊപ്പം പോയി. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സജീവിന്റെ സഹോദരനും പ്രതികളുമായി തർക്കമുണ്ടായി. പ്രകോപിതരായ ഇവർ ആയുധവുമായി സജീവിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീവ് പിറ്റേ ദിവസം മരിച്ചു. സജീവിന്റെ അച്ഛൻ ശശി, സഹോദരൻ സനൂജ് എന്നിവർക്കും പരിക്കേറ്റു. കേസിൽ അപ്പി മഹേഷ് എന്നറിയപ്പെടുന്ന മഹേഷും കുറ്റക്കാരനാണ്. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച പകൽ ഒന്നിന് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് സി ജെ ഡെന്നി വിധിക്കും.
കോൺഗ്രസ് ഉന്നതനേതാക്കളുടെ അടുപ്പക്കാരും പ്രാദേശിക നേതാക്കളുമാണ് ഉണ്ണിയും സനലും. ഒട്ടേറെ ആക്രമണ കേസുകളിൽ പ്രതികളായ ഇവർ നേതാക്കളുടെ തണലിലാണ് ഇത്രയുംനാൾ വിലസിയത്. തിരുവോണദിവസം ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇവർ ഇപ്പോൾ ജയിലിലാണ്. സജീവ്വധക്കേസിൽ പ്രോസിക്യൂഷന് വേണ്ടി ഡോ. ടി ഗീനാകുമാരി ഹാജരായി. 17 സാക്ഷികളെ വിസ്തരിച്ചു. 32 രേഖയും ഒമ്പത് തൊണ്ടിമുതലും പരിശോധിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/31hmNgG
Comments