എംഎസ്‌എഫിലും ഫണ്ട് വെട്ടിപ്പ്; പാവപ്പെട്ട വിദ്യാർഥികളുടെ പഠനസഹായത്തിന് സമാഹരിച്ച പണം തട്ടി
കോഴിക്കോട് > പാവപ്പെട്ട വിദ്യാർഥികളുടെ പഠന സഹായാർഥം സമാഹരിച്ച ഫണ്ട് എംഎസ്എഫ് നേതൃത്വം വെട്ടിച്ചതായി ആക്ഷേപം. എംഎസ്എഫ് ദേശീയ നേതാക്കൾക്കെതിരെയാണ് ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് തട്ടിയതായി ആരോപണം. മുസ്ലിം യൂത്ത് ലീഗിന്റെ കത്വാ സാമ്പത്തിക തട്ടിപ്പിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ വിദ്യാർഥി സംഘടനയും ഫണ്ട് മുക്കിയതായി വെളിപ്പെടുന്നത്.
ഉത്തരേന്ത്യയിലെ പിന്നോക്ക വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എംഎസ്എഫ് ദേശീയ കമ്മിറ്റി "നയാ ദിശ നയാ രാഷ്ട്ര’ എന്ന മുദ്രാവാക്യമുന്നയിച്ച് ദേശീയതലത്തിൽ ഫണ്ട് പിരിച്ചിരുന്നു. 2018---19 ലായിരുന്നു പിരിവ്. ടി പി അഷ്റഫലിയായിരുന്നു അന്ന് ദേശീയ പ്രസിഡന്റ്. 500 രൂപവീതം ഒരു കുട്ടിക്ക് സ്കൂൾ കിറ്റ് എന്ന നിലയിലായിരുന്നു ഫണ്ട് സമാഹരണം. സംസ്ഥാനത്ത് വിദ്യാലയങ്ങൾ, പള്ളികൾ എന്നിവക്ക് പുറമെ അഖിലേന്ത്യാതലത്തിലും ഫണ്ട് പിരിക്കയുണ്ടായി. എന്നാൽ തുക ദേശീയ കമ്മിറ്റിയുടെ അക്കൗണ്ടിൽ ഇടാതെ നിലമ്പൂരിലെ സ്വകാര്യ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലേക്ക് മാറ്റി തിരിമറി നടത്തി എന്നാണ് വ്യക്തമാകുന്നത്. 38 ലക്ഷത്തോളം രൂപ വകമാറ്റിയെന്നാണ് പരാതി. ഇക്കാര്യം എംഎസ്എഫ് ദേശീയ–-സംസ്ഥാന കമ്മിറ്റികളിൽ നേരത്തെ ചർച്ചയായിരുന്നു.
ചില ദേശീയ നേതാക്കൾ ഈ തുക ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങൾ ആരംഭിച്ചു, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് തുടർച്ചയായി ആഡംബര യാത്ര നടത്തി എന്നെല്ലാമാണ് ഒരുവിഭാഗം എംഎസ്എഫ് പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം. ബാങ്ക് രേഖകളടക്കം തെളിവുകൾ നിരത്തി ലീഗ് നേതൃത്വത്തിനും ഇവർ പരാതി കൊടുത്തിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3edlGGG
Comments