കലാപക്കൊടി ഉയർത്തി കബീറും സലാമും ; ഏണിയായി ലീഗ് പട്ടിക
കോഴിക്കോട്
മുസ്ലിംലീഗ് നേതൃത്വം അവഗണിക്കുകയും അപമാനിക്കുകയും ചെയ്തെന്ന വികാരവുമായി പി എം എ സലാമും ടി എ അഹമ്മദ് കബീറും. മങ്കട എംഎൽഎയായ അഹമ്മദ് കബീർ സ്ഥാനാർഥിത്വം നിഷേധിച്ചതിൽ എതിർപ്പ് ചാനലുകളിലൂടെ പരസ്യമാക്കി.
കളമശേരിയിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾഗഫൂറിനെ നിശ്ചയിച്ചതിലും വിയോജിപ്പുണ്ട്. കളമശേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സന്നദ്ധത അറിയിച്ചെങ്കിലും പരിഗണിച്ചില്ല. മങ്കടയിൽനിന്ന് എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് അറിയില്ല. പാർടിയിൽ അപമാനിക്കപ്പെട്ടതായി അഹമ്മദ് കബീർ പറഞ്ഞു. ജന്മനാടായ കളമശേരിയിൽ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ജനാധിപത്യപരമായ തീരുമാനം കാത്തിരിക്കുകയാണെന്ന് അഹമ്മദ് കബീർ വ്യക്തമാക്കി.
ഉറങ്ങിയെണീറ്റപ്പോൾ സ്ഥാനാർഥിത്വം നഷ്ടമായ അവസ്ഥയിലാണ് സംസ്ഥാന വൈസ്പ്രസിഡന്റായ പി എം എ സലാം. വ്യാഴാഴ്ച അർധരാത്രിവരെ സ്ഥാനാർഥി പട്ടികയിൽ സലാമായിരുന്നു. എന്നാൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചപ്പോൾ തകിടം മറിഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദായി സ്ഥാനാർഥി. രോഷാകുലരായ മണ്ഡലം ഭാരവാഹികൾ പ്രതിഷേധവുമായി പാണക്കാട്ടെത്തി. സാദിഖലി ശിഹാബ്തങ്ങളുമായി വാക്കുതർക്കമടക്കം ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അമർഷപ്രകടനമാണ് അരങ്ങേറിയത്. പാണക്കാട് നിന്ന് തീരുമാനിച്ചാൽ അരവാക്കുയരില്ലെന്ന ലീഗിന്റെ മേനിപറച്ചിലെല്ലാം തകർന്നടിയുന്നത് നേതാക്കളെ ഞെട്ടിച്ചു. സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ പ്രവേശിച്ച മജീദിനെ സ്വീകരിക്കുന്നതിൽനിന്ന് സലാമും പി കെ അബ്ദുറബ്ബും വിട്ട് നിന്നത് പ്രതിഷേധം താൽക്കാലികമല്ലെന്നതിന്റെ സൂചനയാണ്. അതേസമയം പ്രതിഷേധത്തിലൊന്നും കാര്യമില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
Credits Kerala || Deshabhimani Online News https://ift.tt/3eChIYl
Comments