കോട്ടയത്ത് ഉപരോധം: യുഡിഎഫിൽ പോരിനുമുമ്പേ പട
കോട്ടയം> ഏറ്റുമാനൂർ സീറ്റ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ചു. സംഭവം പകർത്താനെത്തിയ ദൃശ്യമാധ്യമ പ്രവർത്തകരെ യൂത്ത് കോൺഗ്രസുകാർ കയ്യേറ്റം ചെയ്തു. എസിവിയുടെ ക്യാമറാമാൻ അനിൽ ആലുവയ്ക്ക് മർദനമേറ്റു.
ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഓഫീസിന്റെ കവാടത്തിൽ കുത്തിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ജില്ലാ നേതാക്കളായ ഹനീഫ് വരമ്പിനകം, റൂബി ചാക്കാ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡിസിസി ഓഫീസ് ഉപരോധം.
"കാശ് തരുന്നവർക്കു വേണ്ടി നീയൊക്കെ എന്തും ചെയ്യും അല്ലേ' എന്നു ചോദിച്ചായിരുന്നു മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്. തടസം പിടിക്കാൻ വന്ന മറ്റു മാധ്യമപ്രവർത്തകരെ ഇവർ തള്ളിമാറ്റി. അനിലിനെ കൂട്ടം ചേർന്ന് തല്ലി.
തല്ലുണ്ടാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റു പ്രവർത്തകർ വഴിയരികിൽ കിടന്ന കാറിൽ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ മാധ്യമപ്രവർത്തകർ കാട്ടിക്കൊടുത്തതിനാൽ പൊലീസ് ഇവരെ പിടികൂടി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റ് ചർച്ചയിൽ ജോസഫിന് വഴങ്ങിക്കൊടുക്കുകയായിരുന്നു. ചർച്ച നടന്ന വെള്ളിയാഴ്ച മുതൽ യൂത്ത് കോൺഗ്രസ് പരസ്യ പ്രതിഷേധത്തിലാണ്.
കോഴിക്കോട്ട് ധർണ
കോഴിക്കോട്
ഭാരവാഹിസ്ഥാനത്തിനു വേണ്ടി കോഴിക്കോട് ജില്ലാ കോൺഗ്രസ് ഓഫീസിനു മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. കോൺഗ്രസ് മുക്കം മണ്ഡലം മുൻ പ്രസിഡന്റ് എൻ പി ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഇരുപതിലധികം പ്രവർത്തകരാണ് രണ്ടുമണിക്കൂറോളം കുത്തിയിരു
ന്നത്.
കോഴിക്കോട് ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണ
മണ്ഡലം പ്രസിഡന്റ് പദവിയിലിക്കെ അമേരിക്കയിലെ മകളുടെയടുത്ത് പോകാൻ ഷംസുദ്ദീൻ പാർടിയിൽനിന്ന് രണ്ടുവർഷം മുമ്പ് അവധിയെടുത്തിരുന്നു. അവധി അംഗീകരിച്ച് മണ്ഡലം പ്രസിഡന്റായി ടി ടി സുലൈമാനെ ജില്ലാ നേതൃത്വം നിശ്ചയിച്ചു. ആറുമാസംമുമ്പ് നാട്ടിലെത്തിയ ഷംസുദ്ദീൻ പ്രസിഡന്റ് പദം തിരികെ നൽകണമെന്ന ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചു.
ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർക്കൊപ്പം ഓഫീസിനുമുമ്പിലെത്തിയത്. ധർണ നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.
പെരുമ്പാവൂരില് അക്രമം
പെരുമ്പാവൂർ> ഗ്രൂപ്പ് യുദ്ധം നടക്കുന്ന പെരുമ്പാവൂരിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മർദനം. ഗ്രൂപ്പു‘യോഗം’ രഹസ്യമായി ഷൂട്ട് ചെയ്ത എതിർ ഗ്രൂപ്പുകാരനെ കൈയോടെ പിടിച്ചതാണ് അടിപിടിയിൽ കലാശിച്ചത്. നേതാവിന്റെ ഭാര്യക്കടക്കം മർദനമേറ്റു.
കോൺഗ്രസ് കുറുപ്പംപടി മണ്ഡലം പ്രസിഡന്റും രായമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ കെ മാത്തുക്കുഞ്ഞിനും ഭാര്യക്കുമാണ് മർദനമേറ്റത്. ഈയിടെ പുറത്താക്കപ്പെട്ട കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബെയ്സ് പോളാണ് ഇവരുടെ വീട് കയറി ആക്രമിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില ആലോചനകൾ വെള്ളിയാഴ്ച രാത്രി മാത്തുക്കുഞ്ഞിന്റെ വീട്ടിൽ നടന്നതായി പറയുന്നു. രായമംഗലം പഞ്ചായത്ത് വാർഡംഗങ്ങളായ കുര്യൻ പോളും സജി പടയാട്ടിലും മാത്തുക്കുഞ്ഞിന്റെ വീട്ടിലെത്തി. ബെയ്സ് പോൾ അവിടെ എത്തി വീഡിയോ എടുത്തു. അത് മാത്തുക്കുഞ്ഞ് ചോദ്യം ചെയ്തതോടെ അടിയായി. ആക്രമണം തടയാൻ ശ്രമിക്കവെ മാത്തുക്കുഞ്ഞിന്റെ ഭാര്യക്കും മർദനമേറ്റു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ രണ്ട് ഗ്രൂപ്പ് തമ്മിലുള്ള വൈരവും സംഭവങ്ങൾക്ക് പിന്നിലുണ്ട്.
അവിടെ നടന്നത് ഗ്രൂപ്പുയോഗമാണെന്ന് ബെയ്സ് പോളും അല്ലെന്ന് മത്തായിക്കുഞ്ഞും പറഞ്ഞു.
രണ്ട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിച്ചതിന് ബെയ്സ് പോൾ, അംബിക മുരളീധരൻ, മുരളീധരൻ എന്നിവരെ പുറത്താക്കിയിരുന്നു.
മുതിർന്ന നേതാവ് പി പി തങ്കച്ചന്റെ അനുയായി കൂടിയായ മാത്തുക്കുഞ്ഞിനെ സംരക്ഷിക്കാനല്ല എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശ്രമിക്കുന്നതെന്നാണ് പ്രമുഖ കോൺഗ്രസ് നേതാക്കളുടെയടക്കം ആക്ഷേപം.
Credits Kerala || Deshabhimani Online News https://ift.tt/3uZYj9o
Comments